പടിഞ്ഞാറന്‍ മെക്‌സിക്കോയിലാണ് സംഭവം നടന്നത്‌. ജാലിസ്‌കോ സംസ്ഥാനത്തിലെ പ്രമുഖ നഗരമായ ഗ്വാഡജലാരയിലെ കിണറ്റില്‍നിന്നുമാണ് 41 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാക്കിയ നിലയിലായിരുന്നു. 13 പേരുടെ മുഴുവന്‍ ശരീരങ്ങളും, 16 പേരുടേത് ഭാഗികമായ നിലയിലും, ആറിലധികം
പേരുടെ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുളള ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും പാലീസും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ 44 പേരുടെതെന്നു വ്യക്തമായത്.

ലോകത്തിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘടനകളില്‍ ഒന്നായ ജലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം. ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നതും.കഴിഞ്ഞ ഓഗസ്റ്റില്‍ മെക്‌സികോയിലെ ഒരു മേല്‍പ്പാലത്തില്‍ 19 അര്‍ദ്ധനഗ്‌നമായ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ജലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടല്‍ എന്നെഴുതിയ കുറിപ്പും മൃതദേഹങ്ങള്‍ക്കൊപ്പം കണ്ടെത്തിയത് കൊലപാതകത്തിന് പിന്നില്‍ ജലിസ്‌കോയാണെന്ന് വ്യക്തമായത് . എന്നാല്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണ് മെക്‌സിക്കോ. മെക്‌സിക്കോയില്‍ അധോലോക മാഫിയകള്‍ തങ്ങളുടെ എതിരാളികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്നത് പതിവാണ്്. ഇത്തരത്തില്‍ കൊലചെയ്യപെടുന്നവരുടെ മൃതദേഹങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മറവു ചെയ്യുകയാണ് പതിവ്.

പൊലീസ് വാഹനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും നിരവധിപേരെ കൊലപ്പെടുത്തുകയും പരുക്കേല്‍പ്പിക്കുകയും ചെയ്യുന്നത് ഇവിടെ സാധാരണമാണ്. 2009 ഒക്ടോബറിലും തെക്കന്‍ മെക്‌സിക്കോയില്‍ നിന്ന് ഒന്‍പതു മൃതദേഹങ്ങള്‍ നിരവധി ബാഗുകളിലാക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു വാനില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.2009ല്‍ ഫോബ്സ് മാസികയുടെ അതിസമ്പന്നപ്പട്ടികയില്‍ ഇടം നേടിയ മെക്‌സിക്കോയിലെ കുപ്രസിദ്ധ അധോലോക തലവന്‍ എല്‍ ചാപ്പോ ഗുസ്മാന് അടുത്തിടെ യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.