മുത്തൂറ്റ് സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ മറ്റ് ബ്രാഞ്ചുകളിലെ ജീവനക്കാരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി.എന്നാല്‍ സ്വന്തം ബ്രാഞ്ചില്‍ ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഇടുക്കി, എറണാകുളം ,ആലപ്പുഴ ജില്ലകളിലെ 10 ബ്രാഞ്ചുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ ജോലിയെടുപ്പിക്കുന്നതിനായി മാനേജ്‌മെന്റ് തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പടെ ജീവനക്കാരെ കൊണ്ടുവരുന്നുണ്ടെന്ന് സമരക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു.അങ്ങനെയുണ്ടെങ്കില്‍ അത് അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം തൊഴിലാളികള്‍ക്ക് സമാധാനപരമായി സമരം ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി അറിയിച്ചു.ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ മാനേജ്‌മെന്റ് പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.