കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്ന പ്രതിവാര ഡോക്യുമെന്‍ററി പരമ്പരയായ കേരള എക്സ്പ്രസ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു.

2011സപ്റ്റംബര്‍ 20ന് 108 വര്‍ഷം പ‍ഴക്കമുള്ള പുനലൂര്‍ ചെങ്കോട്ട മീറ്റര്‍ ഗേജ് തീവണ്ടിയുടെ അവസാന യാത്രയില്‍ നിന്നായിരുന്നു ഈ പരിപാടിയുടെ ആരംഭം.

കേരളം മു‍ഴുവന്‍ തലങ്ങും വിലങ്ങും സഞ്ചരിച്ച് മലയാളി ജീവിതത്തിന്‍റെ വൈവിധ്യങ്ങള്‍ ആവിഷ്ക്കരിക്കുന്ന ഈ പരിപാടി ഇതിനകം 400 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി.

മലയാള ടെലിവിഷനില്‍ ഇപ്പോള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സംപ്രേഷണ ചരിത്രം അവകാശപ്പെടാവുന്ന പരിപാടിയാണ് കേരള എക്സ്പ്രസ്.

2014ല്‍ കേരളാ എക്സ്പ്രസിലെ `അമ്മക്കിളി’യും 2016 ല്‍ `മീനാക്ഷിപ്പയറ്റും’ മികച്ച ഡോക്യുമെന്‍ററിക്കുമുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് നേടിയിട്ടുണ്ട്. 2015ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച അവതാരകനുള്ള പുരസ്കാരവും ലഭിച്ചു.

വടകരയിലെ കളരിപ്പയറ്റ് ഗുരുക്കള്‍ മീനാക്ഷിയമ്മയും കല്ലാറിലെ ആദിവാസി വൈദ്യ ലക്ഷ്മിക്കുട്ടിയമ്മയും കഥകളി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരും കേരളാ എക്സ്പ്രസിലൂടെ അവതരിപ്പിക്കപ്പെട്ടതിന് ശേഷം പത്മശ്രീ നേടിയ വ്യക്തിത്വങ്ങളാണ്.

2017 ഒക്ടോബറില്‍ ഓച്ചിറ ക്ഷേത്രത്തെക്കുറിച്ചുള്ള എപ്പിസോഡിനെതിരെ ഹിന്ദു വര്‍ഗ്ഗീയവാദികളുയര്‍ത്തിയ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഈ പരിപാടി ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.

വയനാട്ടിലെ ദുരന്തഭൂമിയായ പുത്തുമലയുടെ കുടിയേറ്റ ജീവിതവും കുടിയിറക്കവും പ്രതിപാദിക്കുന്ന `പുത്തുമലയുടെ ബാക്കി’ യാണ് 400ാം എപ്പിസോഡ്. കൈരളി ന്യൂസില്‍ എല്ലാ ദിവസവും ഞായര്‍ രാത്രി 7.30നാണ് സംപ്രേഷണം. ബിജു മുത്തത്തിയാണ് പരിപാടിയുടെ സംവിധായകനും അവതാരകനും.