ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഇതുവരെ പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തിയിട്ടില്ല;കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഇതുവരെ പെയ്ഡ് ന്യൂസുകള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തുകയോ ഇതു സംബന്ധിച്ച പരാതികള്‍ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി)യുടെ ഭാഗമായി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷണ വിഭാഗം മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്നുണ്ട്. ടെലിവിഷന്‍ ചാനലുകള്‍, പത്രങ്ങള്‍, റേഡിയോ, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പെയ്ഡ് ന്യൂസുകളോ എം.സി.എം.സിയുടെ അംഗീകാരമില്ലാത്ത പരസ്യങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണ് നിരീക്ഷണ വിഭാഗത്തിന്റെ ചുമതല.

കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്ന പരസ്യങ്ങള്‍ കളക്ടര്‍ അധ്യക്ഷനായ സമിതി പരിശോധിച്ചാണ് അംഗീകാരം നല്‍കുന്നത്. പ്രചാരണ ഗാനങ്ങളും അനൗണ്‍സ്‌മെന്റുകളും ഉള്‍പ്പെടെയുള്ള പരസ്യങ്ങള്‍ക്ക് കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബര്‍ 23നും തലേന്നും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ പ്രവര്‍ത്തിക്കുന്ന എം.സി.എം.സിയുടെ അംഗീകാരം നേടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

എം.സി.എം.സി അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ ഈഷ പ്രിയ, അംഗങ്ങളായ മാത്യു കെ. ഏബ്രഹാം, ജോര്‍ജ് ജേക്കബ്, മെംബര്‍ സെക്രട്ടറി ജസ്റ്റിന്‍ ജോസഫ് തുടങ്ങിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News