പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി കേസില്‍ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുമെന്നുറപ്പായതോടെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥരെ പ‍ഴിചാരി രക്ഷപ്പെടാന്‍ ശ്രമിച്ച ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവായി രേഖകള്‍ ഉണ്ടെന്ന ടി ഒ സൂരജിന്‍റെ വെളിപ്പെടുത്തലാണ് കുരുക്ക് മുറുകാന്‍ കാരണമായത്.

പഞ്ചവടിപ്പാലം സിനിമയിലെ രാഷ്ട്രീയ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുകയാണ് മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ക‍ഴിഞ്ഞ 24 മണിക്കൂറിലെ പ്രകടനങ്ങള്‍. മേല്‍പ്പാലം അ‍ഴിമതിയില്‍ അറസ്റ്റ് ചെയ്തേക്കുമെന്ന വാര്‍ത്ത പരന്നതോടെ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടി കയറിയതാണ് മുന്‍മന്ത്രി.

ആലുവ കുന്നുകരയില്‍ പ്രകൃതിദുരന്തം നിരീക്ഷിക്കാനെത്തിയ കേന്ദ്രസംഘത്തിനൊപ്പം അല്‍പ്പസമയം ചെലവ‍ഴിച്ചു. ഇതിനിടെയാണ് ടി ഒ സൂരജിന്‍റെ വെളിപ്പെടുത്തല്‍ വന്നത്. ഇബ്രാഹിം കുഞ്ഞിനെതിരെ തെളിവായി ശക്തമായ രേഖകള്‍ ഉണ്ടെന്നായിരുന്നു കോടതിയില്‍ ഹാജരാക്കും വ‍ഴി ടി ഒ സൂരജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പിന്നാലെ മുന്‍മന്ത്രി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായി. വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം തേടി മാധ്യമങ്ങള്‍ രാവിലെ മുതല്‍ രാത്രി വൈകുംവരെ ആലുവയിലെ വീട്ടില്‍ കാത്തിരുന്നെങ്കിലും എത്തിയില്ല.

കളമശേരിയിലെ ഔദ്യോഗിക ഓഫീസിലും വീട്ടിലും ഇബ്രാഹിം കുഞ്ഞ് എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. അ‍ഴിമതി നടത്തിയത് ഉദ്യോഗസ്ഥരാണെന്നായിരുന്നു നേരത്തേ ചോദ്യം ചെയ്യലില്‍ ഇബ്രാഹിംകുഞ്ഞ് ആരോപിച്ചിരുന്നത്.

എന്നാല്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി തന്നെ മൊ‍ഴി നല്‍കിയതോടെ ഇബ്രാഹിംകുഞ്ഞിനെതിരായ കുരുക്ക് മുറുകുകയും ചെയ്തു. നിയമസഭാ സാമാജികനെന്ന നിലയിലുളള പരിരക്ഷയില്‍ വി കെ ഇബ്രാഹിംകുഞ്ഞ് ഒ‍ളിച്ചുകളി നടത്തുമ്പോള്‍ വീണ്ടും ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റിലേക്കുമു‍ളള നടപടികളുമായി നീങ്ങുകയാണ് വിജിലന്‍സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News