മുംബൈയിലെ വെസ്റ്റേൺ ഈസ്റ്റേൺ പ്രാന്ത പ്രദേശങ്ങളിലാണ് വ്യാഴാഴ്ച രാത്രിയിൽ ഗ്യാസിന് സമാനമായ അറിയപ്പെടാത്ത ഗന്ധം പടർന്നത് പരിഭ്രാന്തി പടർത്തിയത്. ഇതോടെ ചെമ്പൂരിലെ രാഷ്ട്രീയ കെമിക്കൽ ഫെർട്ടിലൈസർ ഫാക്ടറിയിൽ ഗ്യാസ് ചോർച്ചയെന്നെല്ലാം തുടങ്ങുന്ന നിരവധി സന്ദേശങ്ങൾ പടരുവാൻ തുടങ്ങി.

എന്നാൽ ഉടനെ തന്നെ BMC ഗ്യാസ് ചോർച്ചയാണെന്ന വാർത്ത നിഷേധിച്ചു. രാത്രി ഏകദേശം 10 മണിക്ക് ശേഷം പടർന്ന ഗന്ധം ചെമ്പുർ, മാൻഖുദ്‌, ഗോവണ്ടി, ചാന്ദിവലി, പവായ്, ഘാട്കോപ്പർ, അന്ധേരി, തുടങ്ങിയ സ്ഥലങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.

സംഭവത്തോട് അനുബന്ധിച്ചു പരാതികളോ അന്വേഷണമോ ലഭിച്ചിട്ടില്ലെന്ന് പ്രദേശത്തെ പോലീസ് വകുപ്പ് അറിയിച്ചു. കൂടുതൽ പരാതികൾ ലഭിച്ച മഹാനഗർ ഗ്യാസ് ലിമിറ്റഡ് നഗരത്തിലെ തങ്ങളുടെ ഗ്യാസ് പൈപ്പ് ലൈനുകളിൽ തകരാറുകൾ ഒന്നുമില്ലെന്നും ഗ്യാസ് ചൊരുവാനുള്ള സാദ്ധ്യതകൾ ഇല്ലെന്നും സ്ഥിരീകരിച്ചു.

എന്നിരുന്നാലും തങ്ങളുടെ അത്യാഹിത വിഭാഗത്തെ പരാതികൾ ലഭിച്ച പ്രദേശങ്ങളിൽ വിന്യസിപ്പിച്ചു സുരക്ഷാ ഉറപ്പാക്കിയെന്ന് മഹാനഗർ ഗ്യാസ് വ്യക്തമാക്കി. മുംബൈ നഗരസഭയിൽ മുപ്പതോളം പരാതികളാണ് ഇതിനോടകം ലഭിച്ചത്. ഏകദേശം അർദ്ധ രാത്രിയോടെ ഗന്ധത്തിന്റെ തോത് കുറഞ്ഞു വരുവാൻ തുടങ്ങിയെന്ന് അനുഭവസ്ഥർ പറഞ്ഞു.