രണ്ടാം മോഡി സർക്കാർ രാജ്യത്തിന്റെ ഭരണഘടനാക്രമത്തെ തുടർച്ചയായി ആക്രമിക്കുകയാണ്: സിപിഐഎം

രണ്ടാം മോഡി സർക്കാർ രാജ്യത്തിന്റെ ഭരണഘടനാക്രമത്തെ തുടർച്ചയായി ആക്രമിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ജമ്മു- കശ്‌മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ രീതിയും ശേഷമുള്ള നടപടികളും രാജ്യത്തിന്റെ ഭരണഘടന നൽകുന്ന ഉറപ്പുകൾക്ക്‌ നേരെയുള്ള ഗുരുതരമായ ആക്രമണമാണ്‌.

ജമ്മു- കശ്‌മീരിനെ ഒറ്റപ്പെടുത്തൽ, എല്ലാ വാർത്താവിനിമയ സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തൽ, പൊതുഗതാഗതം ഇല്ലാതാക്കൽ, കടകളും സ്‌കൂളുകളും അടച്ചിടൽ തുടങ്ങിയ നടപടികൾ ജനങ്ങൾക്ക്‌ വലിയ രീതിയിൽ ബുദ്ധിമുട്ടുണ്ടാക്കുകയാണ്‌.

കശ്‌മീർ സാധാരണ നിലയിലാണെന്ന്‌ അവകാശപ്പെടുമ്പോഴും അന്തർദേശീയ മാധ്യമങ്ങളുടെയും ചുരുക്കം ദേശീയമാധ്യമങ്ങളുടെയും റിപ്പോർട്ടുകൾ ഇതിന്‌ കടകവിരുദ്ധമാണ്‌. ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്ക്‌ വിരുദ്ധമായ പ്രസ്‌താവനകൾ കേന്ദ്ര ആഭ്യന്തരമന്ത്രി തുടർച്ചയായി നടത്തുന്നു.

ഒരു രാജ്യം ഒരു ഭാഷ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരായി വ്യാപക പ്രതിഷേധമുയർന്നു. അദ്ദേഹത്തിന്‌ പരാമർശത്തിൽനിന്ന്‌ പിൻവാങ്ങേണ്ടിവന്നു. ഇന്ത്യയിൽ ബഹുകക്ഷി സംവിധാനത്തിന്റെ ആവശ്യകതയെയാണ്‌ അദ്ദേഹം ഇപ്പോൾ ചോദ്യംചെയ്യുന്നത്‌.

ഈ രീതിയിലെല്ലാം ജനാധിപത്യത്തിനും മതേതരത്വത്തിനും ഫെഡറലിസത്തിനും മനുഷ്യാവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമെതിരായ ആക്രമണങ്ങൾ വർധിക്കുകയാണെന്നും പിബി പറഞ്ഞു.

സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണം വർധിപ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു. സർക്കാർ ഗോഡൗണുകളിലെ ഭക്ഷ്യധാന്യശേഖരം 2019 ആഗസ്‌ത്‌ 19ലെ കണക്കുപ്രകാരം 713 ലക്ഷം ടണ്ണെന്ന റെക്കോഡ്‌ നിരക്കിലാണ്‌. കുടുംബത്തിന്‌ കുറഞ്ഞത്‌ 35 കിലോ ഭക്ഷ്യധാന്യമെങ്കിലും വിതരണം ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.

രാജ്യത്ത്‌ വനാവകാശ നിയമം നടപ്പാക്കണം. 23 ലക്ഷത്തോളം ആദിവാസി കുടുംബം കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്‌. ആദിവാസികൾക്ക്‌ സംരക്ഷണം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രം മടിക്കുകയാണ്‌.

പശുവിന്റെപേരിലുള്ള ആൾക്കൂട്ടഹത്യാ കേസുകളിലും നിരപരാധികൾ കൊല്ലപ്പെട്ട കേസുകളിലും കുറ്റവാളികളെ സംരക്ഷിക്കുന്നത്‌ മോഡി സർക്കാർ അവസാനിപ്പിക്കണം. സ്‌ത്രീകൾക്കും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അതിക്രമങ്ങൾ മുമ്പില്ലാത്തവിധം വർധിച്ചു. ഇത്തരം കേസുകളിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പുവരു‌ത്തണമെന്നും പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News