ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി ഇന്ത്യക്കാരാണ് മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി കഴിയുന്നത്.  ലോകത്ത് ആകെയുള്ള കുടിയേറ്റക്കാരുടെ എണ്ണം 27.2 കോടി. യു.എന്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സിന്റെ ജനസംഖ്യാ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  ഇന്റര്‍നാഷണല്‍ മൈഗ്രന്റ് സ്റ്റോക്ക് 2019 എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.  പ്രായം, ലിംഗം, വംശം എന്നിവ രാജ്യാടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  ഒന്നാംസ്ഥാനത്ത് ഇന്ത്യയാണെങ്കില്‍ രണ്ടാംസ്ഥാനം മെക്സിക്കോയ്ക്കാണ്.

1.18 കോടിപ്പേരാണ് മെക്സിക്കോയില്‍ നിന്നു കുടിയേറിപ്പാര്‍ത്തത്.ചൈന- 1.07 കോടി, റഷ്യ- 1.05 കോടി, സിറിയ- 82 ലക്ഷം, ബംഗ്ലാദേശ്- 78 ലക്ഷം, പാക്കിസ്ഥാന്‍- 63 ലക്ഷം, യുക്രൈന്‍- 59 ലക്ഷം, ഫിലിപ്പീന്‍സ്- 54 ലക്ഷം, അഫ്ഗാനിസ്ഥാന്‍- 51 ലക്ഷം എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്ക്.കുടിയേറ്റക്കാരില്‍ ഇന്ത്യയിലുള്ളത് 2.07 ലക്ഷം പേരാണ്.  ഇതാകട്ടെ ആകെ കുടിയേറ്റക്കാരുടെ നാലുശതമാനം മാത്രമേ വരുന്നുള്ളൂ. ഇതില്‍ 48.8 ശതമാനം പേരാണു വനിതകള്‍. 47.1 വര്‍ഷമാണ് ഇവരുടെ ശരാശരി പ്രായം.