യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങി. നാമനിര്‍ദേശ പത്രികള്‍ തളളിയതിനെതിരെ മുഖ്യധാര വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ അപ്പീലുകള്‍ പ്രിന്‍സിപ്പള്‍ അദ്ധ്യക്ഷനായ സമിതി അംഗീകരിച്ചു.
അഞ്ച് ജനറല്‍ സീറ്റിലേക്കും , ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധി സ്ഥാനത്തേക്കുമാണ് മല്‍സരം നടക്കുക.
ഗുരുതര പിഴവുകള്‍ ഉളള രണ്ട് പത്രികകള്‍ അപ്പീല്‍ കമ്മറ്റി തളളി. ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ സീറ്റുകളിലേക്ക് എസ്എഫ്ഐ പ്രതിനിധികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ജനറല്‍ സീറ്റുകളിലേക്ക് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ച കെഎസ് യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ ദി എന്ന ഇംഗ്ളീഷ് അക്ഷരം ഇല്ലെന്ന കാരണം ചൂണ്ടികാട്ടിയാണ് മുഖ്യ വരണാധികാരിയായ രഘുനാഥന്‍ പിളള തളളിയത്.
എന്നാല്‍ ഇന്ന് നടന്ന അപ്പീല്‍ കമ്മറ്റി മുന്‍പാകെ നേരിയ സാങ്കേതിക പിഴവുളള പത്രികള്‍ അംഗീകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്എഫ്ഐ പ്രതിനിധികള്‍ അറിയിച്ചതോടെയാണ് എതിര്‍വിഭാഗത്തിന്‍റെ പത്രികള്‍ അംഗീകരിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പള്‍ അദ്ധ്യക്ഷനായ സമിതി തീര്‍പ്പ് കല്‍പ്പിച്ചത്.
എന്നാല്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എന്നീ വിഭാഗങ്ങളിലേക്ക് കെഎസ് യു പ്രതിനിധികള്‍ സമര്‍പ്പിച്ച പത്രികയില്‍ ജനനതീയതി അടക്കമുളളവ തെറ്റായിരുന്നു.
തെറ്റിപോയ ഈ രണ്ട് സെറ്റ് പത്രികകളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അപ്പീല്‍ കമ്മറ്റി നിലപാട് എടുത്തു. ഇതോടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായ മൂന്നാം വര്‍ഷം മലയാളം വിദ്യാര്‍ത്ഥിയായ ജോബിന്‍ ജോസ്, മാഗസിന്‍ എഡിറ്റര്‍ സ്ഥാനാര്‍ത്ഥിയായ എസ്.ബിബിന്‍ എന്നീവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരും എസ്എഫ്ഐ പ്രതിനിധികളാണ്.
ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍, യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, ആര്‍ട്ട് ക്ളബ് സെക്രട്ടറി , ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രതിനിധി എന്നീ സീറ്റുകളിലേക്ക് ആണ് മല്‍സരം നടക്കുക. കെ എസ് യു, എഐഎസ്എഫ് പ്രിതിനിധികള്‍ സീറ്റുകളില്‍ എസ്എഫ്ഐയുമായി നേരിട്ട് ഏറ്റുമുട്ടും

Get real time update about this post categories directly on your device, subscribe now.