കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണത്തിലിരുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്‍റെ രൂപരേഖ.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്ത്രപ്രധാന മേഖലയില്‍ നടന്ന മോഷണം അതീവഗൗരവകരവും സുരക്ഷാവീഴ്ചയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയത് കപ്പലിന്‍റെ രൂപരേഖയടങ്ങുന്ന ഹാര്‍ഡ് ഡിസ്ക്കാണെന്ന് വ്യക്തമാക്കുന്നത്.
യന്ത്രസാമഗ്രികളുടെ വിന്യാസങ്ങള്‍ ഉള്‍പ്പെടെ തന്ത്രപ്രധാനമായ പലകാര്യങ്ങളും നഷ്ടപ്പെട്ട അഞ്ച് ഹാര്‍ഡ് ഡിസ്ക്കുകളിലുണ്ട്.
അതിനാല്‍ വലിയ സുരക്ഷാവീഴ്ചയും ഗൗരവകരമായ കുറ്റകൃത്യവുമാണ് നടന്നിട്ടുളളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലിനുളളില്‍ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണമാണ് നഷ്ടമായിരിക്കുന്നത്.
ഈ മാസം 28ന് ശേഷമാണ് ഇവ മോഷണം പോയതെന്ന് വ്യക്തമായിട്ടുണ്ട്. തന്ത്രപ്രധാനമേഖലയായ ഈ ഭാഗങ്ങളിലേക്ക് കടന്നുവരാന്‍ അനുമതിയുളളത് 52 തൊഴിലാളികള്‍ക്ക് മാത്രമാണ്.
അവര്‍ക്കൊപ്പം തന്നെ അന്യസംസ്ഥാനക്കാരടക്കം 82ലധികം കരാര്‍ തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തൊഴിലാളികളെ വിളിച്ചുവരുത്തി പ്രത്യേകം ചോദ്യം ചെയ്തുവരികയാണ്. കരാര്‍ തൊഴിലാളികള്‍ ഏറെയുളളതിനാല്‍ ചാരപ്രവൃത്തി സംബന്ധിച്ച സംശയങ്ങളും പരിശോധിക്കുന്നുണ്ട്.
രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങളൊന്നും കപ്പലില്‍ ഇല്ലെങ്കിലും ഒരു യുദ്ധ വിമാനക്കപ്പലെന്ന നിലയില്‍ ഇവയുടെ രൂപരേഖകള്‍ ചോര്‍ന്നത് ഗൗരവകരമാണ്.
അതിനാല്‍ വിവിധ കേന്ദ്രഏജന്‍സികളും കൊച്ചിന്‍ കപ്പല്‍ശാലയും സിഐഎസ്എഫും സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.