കെ എം മാണിക്കൊപ്പം നിന്ന പാലാ നിയോജകമണ്ഡലം ഇനിയെങ്ങനെ ചിന്തിക്കും? കോടിയേരി ബാലകൃഷ്ണന്റെ വിശകലനം

ജനവിധിക്ക് പാലായിലെ വോട്ടർമാർ ഒരുങ്ങിയിരിക്കുകയാണ്. കേരള കോൺഗ്രസ് എം നേതാവ് കെ എം മാണിക്കൊപ്പം നിന്ന ഈ നിയോജകമണ്ഡലം ഇനിയെങ്ങനെ ചിന്തിക്കുമെന്ന് ഗണിക്കാനാകില്ലെന്നാണ് രാഷ്ട്രീയലേഖകർ വിലയിരുത്തുന്നത്.

എൽഡിഎഫും യുഡിഎഫും മുഖ്യ പോരാട്ടത്തിലാണ്. ബിജെപിയും മത്സരിക്കുന്നുണ്ട്.
ഈ ഉപതെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയപോരാട്ടമായാണ് എൽഡിഎഫ് സമീപിക്കുന്നത്.

എന്നാൽ, കെ എം മാണിയുടെ വേർപാടിനെ തുടർന്നുള്ള വോട്ടെടുപ്പിനെ ഒരു സഹതാപ നേട്ടമാക്കാനുള്ള അടവിലാണ് യുഡിഎഫ്. നരേന്ദ്ര മോഡി സർക്കാർ രണ്ടാംവട്ടം അധികാരത്തിൽ വന്നിരിക്കുന്ന ഈ ഘട്ടത്തിൽ ബിജെപിക്ക്് വളർച്ചയോ തളർച്ചയോ എന്നറിയാനുള്ള അവസരമാണിത്.

അരനൂറ്റാണ്ടിലേറെ പാലായിൽ നിന്നു വിജയിച്ച കെ എം മാണി 32 വർഷം മത്സരിച്ചത് രണ്ടിലയിലാണ്. പക്ഷേ, മാണിയുടെ മകൻ ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗത്തിന്റെ സ്ഥാനാർഥിയായ ജോസ് ടോമിന് രണ്ടില കിട്ടിയില്ല.

അത് ജോസഫ് വെട്ടി. ഇപ്പോൾ കൈതച്ചക്കയാണ് ചിഹ്നം. ഇവിടെ ചിഹ്നക്കാര്യം മാത്രമായി ഈ വിഷയം പര്യവസാനിക്കുന്നില്ല. കെ എം മാണി നയിച്ച കേരള കോൺഗ്രസ് ആരുടേതെന്നതിനെച്ചൊല്ലി പി ജെ ജോസഫിന്റെയും ജോസ് കെ മാണിയുടെയും ഗ്രൂപ്പുകൾ തമ്മിലുള്ള ബലാബലത്തിന്റെ ഗോദയായി ഉപതെരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്.

ജോസഫ് ഗ്രൂപ്പ് ആദ്യഘട്ടത്തിൽ സ്വന്തം സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ ആലോചിച്ചെങ്കിലും പത്രിക നൽകിയ ആളെ ഒടുവിൽ പിൻവലിപ്പിച്ചു.

പക്ഷേ, രണ്ട് ചേരികൾ തമ്മിലുള്ള മത്സരവും അകൽച്ചയും വർധിച്ചിരിക്കുകയാണ്. ആർക്കാണ് മേൽക്കൈയെന്ന് വോട്ടുപെട്ടി പൊട്ടിച്ച ശേഷം പറയാമെന്നാണ് ഇരുകൂട്ടരും പറയുന്നത്.

കോൺഗ്രസിന്റെ നയവൈകല്യത്തിലും സംഘടനാരീതിയിലും വിയോജിച്ചാണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്. കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ചും കേരളത്തിന്റെയും കർഷകരുടെയും താൽപ്പര്യം സംരക്ഷിക്കുന്നതിനുമായാണ് പുതിയ കക്ഷിയുണ്ടായതെന്ന് അതിന്റെ നേതാക്കൾ എല്ലായ്പോഴും അവകാശപ്പെടാറുണ്ട്.

എന്നാൽ, ഈ ജന്മദൗത്യം നിറവേറ്റുന്നതിനെ കേന്ദ്രമാക്കി രാഷ്ട്രീയപോരാട്ടത്തിലേർപ്പെടാൻ കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാക്കൾക്ക് താൽപ്പര്യമില്ല.

നേതാക്കളിൽനിന്ന് വ്യത്യസ്തമായി ഇക്കാര്യം പരിഗണിക്കുന്ന അണികൾ മാറി ചിന്തിച്ചുകൂടെന്നില്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് ആശ്രയിക്കാൻ കഴിയുന്നത് എൽഡിഎഫിനെയാണ്.

അപ്രകാരം അവർ കെ എം മാണിക്ക് പകരം മറ്റൊരു മാണി നിയമസഭയിലെത്തട്ടേയെന്നും അതിന് എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനെ വിജയിപ്പിക്കാമെന്നും കരുതുന്ന ഒരു രാഷ്ട്രീയം തെളിയുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പ് തികച്ചും ഒരു രാഷ്ട്രീയപോരാട്ടമായാണ് എൽഡിഎഫ് കാണുന്നതെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. കേന്ദ്രത്തിലെ മോഡി ഭരണം ഇന്ത്യയിൽ വലിയൊരു വിപൽക്കരമായ രാഷ്ട്രീയ‐സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.

രാജി എങ്ങനെയൊരു രാജ്യവിഷയമാകുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയതാഹിൽ രമണിയുടെ രാജി.

ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും അമ്പതിലധികം ജഡ്ജിമാർ പ്രവർത്തിക്കുന്നതുമായ മദ്രാസ് ഹൈക്കോടതിയിൽനിന്ന് കേവലം മൂന്ന് ജഡ്ജിമാർ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി, പ്രഗത്ഭയായ ഈ ന്യായാധിപയെ അവഹേളിച്ച് പുകച്ച് പുറത്തുചാടിച്ചത് എന്തിനാണ്?

ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ, ഗുജറാത്ത് കലാപകാലത്തെ ബിൽക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവച്ചു. അതിനുള്ള പ്രതികാരമാണ് മേഘാലയത്തിലേക്കുള്ള നാടുകടത്തൽ.

രാജ്യത്തിന്റെ ഗതികെട്ട പോക്കിൽ മനംനൊന്ത് ഐഎഎസ് ഉദ്യോഗസ്ഥരായ ഷാ ഫസൽ, കണ്ണൻ ഗോപിനാഥൻ, ശശികാന്ത് സെന്തിൽ എന്നിവരെല്ലാം രാജിവച്ചു.

ജനാധിപത്യവും ഭരണഘടനയും വൻതോതിൽ വെല്ലുവിളി നേരിടുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് കേരളത്തിലെ എൽഡിഎഫ് സർക്കാരും ഇടതുപക്ഷ ജനാധിപത്യമുന്നണിയുമാണ്.

മതനിരപേക്ഷതയിലും ജനപക്ഷനയങ്ങളിലും അടിയുറച്ച് മുന്നോട്ടുപോകുന്ന പിണറായി വിജയൻ സർക്കാർ ഒരു ദേശീയ പ്രതീകമാണ്. ഭാഷാനയസമീപനത്തിലെ വ്യത്യാസം അതിലൊന്നാണ്. ഒരു രാജ്യം, ഒരു ഭാഷയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചു.

രാജ്യത്തെ ഏകീകരിക്കാൻ ഹിന്ദി ഭാഷയ്ക്ക് മാത്രമേ കഴിയൂ. അതിനാൽ വിശ്വം മുഴുവൻ ഇന്ത്യയെ അടയാളപ്പെടുത്താൻ ഹിന്ദി ഭാഷ ദേശീയമായി സ്വീകരിക്കണമെന്നാണ് അമിത് ഷാ നിർദേശിച്ചത്. ഇന്ത്യയിൽ 122 ഭാഷകളുണ്ട്.

അതിൽ 22 ഭാഷകളെ ഭരണഘടനയുടെ 8–ാം പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണെങ്കിലും ആശയവിനിമയത്തിനുള്ള അനേകം ഭാഷകളിലൊന്ന് മാത്രമാണ്.

ദക്ഷിണേന്ത്യയിലും വടക്കു‐കിഴക്കൻ സംസ്ഥാനങ്ങളിലും ജനങ്ങളുടെ സംസാരഭാഷയല്ല ഹിന്ദി. ഓരോ സംസ്ഥാനത്തും അവിടത്തെ പ്രാദേശികഭാഷകളാണ് ഭരണഭാഷ.

പിഎസ്സിയുടെ എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ ഉത്തരമെഴുതാനും ചോദ്യം മലയാളത്തിൽക്കൂടി കൊണ്ടുവരാനുമുള്ള പരിഷ്കാരമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്. ഇതേത്തുടർന്നാണ് മലയാളഭാഷാസ്നേഹികൾ നടത്തിവന്ന പ്രക്ഷോഭം ഒത്തുതീർന്നത്

മറ്റ് ഭാഷകളെ തള്ളി ഹിന്ദി അടിച്ചേൽപ്പിക്കുന്നത് നമ്മുടെ ദേശീയതയെ ദുർബലപ്പെടുത്തും. പ്രഥമഭാഷ ഹിന്ദിയാക്കിയാൽ മാതൃഭാഷകൾ ശവപ്പെട്ടിയിലാകും.

ഇപ്രകാരമൊരു നീക്കം അറുപതുകളിൽ കേന്ദ്രസർക്കാരിൽനിന്നുണ്ടായപ്പോൾ തമിഴ്നാട്ടിൽ ഹിന്ദിവിരുദ്ധ കലാപമുണ്ടായത് ഓർക്കേണ്ടതാണ്. ഇപ്രകാരം നരേന്ദ്ര മോഡി സർക്കാർ ഹിന്ദിയെ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ പിണറായി സർക്കാർ മാതൃഭാഷയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചതിന്റെ പ്രാധാന്യം വലുതാണ്.

പിഎസ്സിയുടെ എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ ഉത്തരമെഴുതാനും ചോദ്യം മലയാളത്തിൽക്കൂടി കൊണ്ടുവരാനുമുള്ള പരിഷ്കാരമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ യാഥാർഥ്യമാകാൻ പോകുന്നത്.

ഇതേത്തുടർന്നാണ് മലയാളഭാഷാസ്നേഹികൾ നടത്തിവന്ന പ്രക്ഷോഭം ഒത്തുതീർന്നത്. ഇങ്ങനെ കേന്ദ്രഭരണം രാജ്യത്തിനുമേൽ ഒരു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ സർക്കാരാകട്ടെ മാതൃഭാഷയുടെ യശസ്സുയർത്താൻ ഉറച്ച കാൽവയ്പ് നടത്തുന്നു.

ഇത്തരം നടപടികൾ യുഡിഎഫ് ഭരണത്തിലുണ്ടാകാത്തതാണ്. ഇങ്ങനെ ബിജെപി, കോൺഗ്രസ്, എൽഡിഎഫ് ഭരണങ്ങളുടെ വ്യത്യാസം തെളിയുകയാണ്.

ഇത് ചർച്ചയാക്കാതെ, മാണിയുടെ മരണത്തെ തുടർന്നുള്ള സഹതാപത്തിന്റെ പേരിൽ വോട്ടുപിടിക്കാനാണ് യുഡിഎഫ് പരിശ്രമം. ഭരണത്തെ അഴിമതിക്കുള്ള ഉപകരണമാക്കുന്നതായിരുന്നു യുഡിഎഫ് ഭരണം. ടൈറ്റാനിയം കുംഭകോണം, പാലാരിവട്ടം പാലം അഴിമതി, ബാർകോഴ തുടങ്ങിയവയെല്ലാം ഇതിന് തെളിവാണ്.

100 വർഷം നിലനിൽക്കേണ്ട പാലം മൂന്ന് വർഷം ആകുമ്പോൾ പൊളിഞ്ഞു. അതിന് കാരണമായത് യുഡിഎഫ് ഭരണത്തിൽ ഭരണക്കാരും ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്.

പാലാരിവട്ടം പാലം തകർച്ചയുടെ കൂടുതൽ വിവരങ്ങൾ വിജിലൻസിന്റെ അന്വേഷണത്തിലൂടെ പുറത്തുവരികയാണ്.

ഇത്തരം കാര്യങ്ങൾക്ക് ഉത്തരം നൽകാതെ എൽഡിഎഫിനെതിരെ നുണകൾ പ്രചരിപ്പിച്ച് വോട്ടർമാരെ കബളിപ്പിക്കാനാണ് യുഡിഎഫ് ശ്രമം. അതിന് ഒത്താശ ചെയ്യുകയാണ് ബിജെപി.

റബർ കൃഷിക്കാരുൾപ്പെടെയുള്ള കർഷക ജനവിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധി അതീവ ഗുരുതരമാണ്. ഇതിനുകാരണം കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്രസർക്കാരിന്റെയും മോഡി ഭരണത്തിന്റെയും ഉദാരവൽക്കരണ സാമ്പത്തികനയമാണ്.

പ്രതിസന്ധി പരിഹരിക്കാൻ പരിമിതികളെ മറികടന്നുകൊണ്ട് നടപടികൾ സ്വീകരിക്കുന്നതിൽ എൽഡിഎഫ് സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. വികസനം, ജനക്ഷേമം എന്നിവയിലും പ്രളയം, നിപാ തുടങ്ങിയവയെ അതിജീവിക്കുന്നതിലും എൽഡിഎഫ് സർക്കാർ ഇന്ത്യക്ക് വഴികാട്ടുന്ന ഭരണമായി.

എന്നാൽ, സംസ്ഥാനഭരണത്തിനെതിരെ അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങൾ ചൊരിയുന്നതിലാണ് യുഡിഎഫിന് താൽപ്പര്യം. കിഫ്ബി ആകാശകുസുമം എന്നുപറഞ്ഞ് ആക്ഷേപിച്ച പ്രതിപക്ഷ നേതാവ് ഇപ്പോൾ പ്ലേറ്റ് മാറ്റി.

കിഫ്ബിയിൽ കോടിക്കണക്കിന് രൂപ എത്തിയപ്പോൾ ഓഡിറ്റിനെ ചൊല്ലിയായി പുതിയ ആക്ഷേപം. ശബരിമലയുടെപേരിലും എൽഡിഎഫ് സർക്കാരിനെതിരെ വിശ്വാസികളെ തിരിച്ചുവിടാനുള്ള ഗൂഢശ്രമങ്ങൾ ഇക്കൂട്ടർ തുടരുന്നുണ്ട്.

എന്നാൽ, ശബരിമല ക്ഷേത്രവികസനത്തിനായി യുഡിഎഫ് ഭരണകാലത്ത് ചെലവഴിച്ചതിന്റെ മൂന്നോ നാലോ ഇരട്ടി തുകയാണ് എൽഡിഎഫ് സർക്കാർ വിനിയോഗിച്ചത്. വിശ്വാസികൾക്കോ വിശ്വാസത്തിനോ സിപിഐ എമ്മോ എൽഡിഎഫ് സർക്കാരോ ഒരുതരത്തിലും എതിരല്ല. നുണപ്രചാരണങ്ങൾ പാലായിൽ ഏശില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here