കാലിക്കറ്റ് സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; അധ്യാപകര്‍ക്കെതിരെ നടപടി

കാലിക്കറ്റ് സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ഥികളെ ജാതിപരമായി അധിക്ഷേപിച്ച അധ്യാപികർക്കെതിരെ നടപടി.

അന്വേഷണം കഴിയും വരെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ വി സി യുടെ നിർദ്ദേശം. ബോട്ടണി വിഭാഗം അധ്യാപിക ഡോ. എം ഷമിന, മലയാളം തലവൻ ഡോ. എല്‍ തോമസുക്കുട്ടി എന്നിവർക്കെതിരെയാണ് നടപടി.
സർവകലാശാല ആസ്ഥാനത്ത് എസ് എഫ് ഐ സംഘടിപ്പിച്ച പ്രതിഷേധത്തെ തുടർന്നാണ് നടപടി എടുത്തത്.

ദളിത് പീഡനമുള്‍പ്പടെയുള്ള ആക്ഷേപങ്ങളാണ് വൈസ് ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയിൽ അധ്യാപികക്കെതിരെ ഗവേഷക വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്.

മനു ഫിലിപ്പ്, അരുണ്‍ ടി റാം, കെ ശ്വേത, വി പി ഫര്‍ഹദ് എന്നീ ഗവേഷക വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഗൈഡായ ഡോ. എം ഷമിനക്കെതിരെ പരാതി നല്‍കിയത്.

പരാതിയിൽ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടേയും എകെആര്‍എസ്എയുടേയും നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ ഉപരോധിച്ചു.

തുടർന്നാണ് അന്വേഷണം കഴിയും വരെ 2 അധ്യാപകരോടും അവധിയിൽ പ്രവേശിക്കാൻ വി സി നിർദ്ദേശം നൽകിയത്.

താന്‍ ഗൈഡായിരിക്കുന്ന കാലത്തോളം തീസിസ് പാസാകാന്‍ അനുവദിക്കില്ലെ’ന്നടക്കം അധ്യാപിക ഷമിന പറഞ്ഞതായി ഗവേഷകര്‍ പറയുന്നു.

നാല് ഗവേഷകരില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് പട്ടികജാതി വിഭാഗത്തില്‍ പെട്ട രണ്ട് പേരാണെന്നും പരാതിയിലുണ്ട്.

മലയാളം പഠന വിഭാഗം തലവന്‍ ഡോ. എല്‍ തോമസുക്കുട്ടിക്കെതിരെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി പരാതി ഉയര്‍ത്തിയിരുന്നു.

തോമസ്കുട്ടിയോടും അന്വേഷണം കഴിയുംവരെ അവധിയിൽ പോകാൻ വി സി നിർദേശം നൽകി. പട്ടികജാതിക്കാരെയാകെ അപമാനിച്ചുകൊണ്ടുള്ള സംഭാഷണങ്ങളാണ് അധ്യാപികയില്‍ നിന്നുണ്ടാകുന്നെതെന്നും ഉദാഹരണ സഹിതം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയം സംബന്ധിച്ച് സംസാരിക്കാനെത്തിയ ഗവേഷക വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്കെതിരെ രോഷം കൊണ്ട അധ്യാപിക രജിസ്ട്രാര്‍ക്ക് കള്ള പരാതിയും നല്‍കി.

പണം മോഷണം ആരോപിച്ചാണ് അധ്യാപികയുടെ പരാതി. സംഭവവമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി പ്രതിനിധികളുമായി വൈസ് ചാന്‍സലര്‍ നടത്തിയ ചര്‍ച്ചയിലാണ് അന്വേഷണത്തിന് തീരുമാനം എടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here