പാലാ: അഴിമതിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ ഒരുരീതിയിലുമുള്ള വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിരട്ടലില്‍ ഭയന്ന് അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമെന്ന് ധരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലായില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നവുമായി നടക്കേണ്ടെന്നേ പ്രതിപക്ഷനേതാവിനോട് പറയാനുള്ളൂ. ഒരുപാട് സ്വപ്‌നം കണ്ടയാളാണല്ലോ. പലതും ചെയ്യാമെന്നും കരുതിയിരുന്നല്ലോ. അഴിമതി കാട്ടുന്നവര്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് ഉപദേശരൂപേണ ഞാന്‍ പറഞ്ഞിരുന്നു. ഉടനെ പ്രതിപക്ഷനേതാവ് ആ തൊപ്പി എടുത്ത് തലയില്‍ അണിഞ്ഞിരിക്കുകയാണ്.

അഴിമതി കാണിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് പറയുമ്പോള്‍ പ്രതിപക്ഷനേതാവ് എന്തിനാണ് അതില്‍ വേവലാതിപ്പെടുന്നത്. നിങ്ങള്‍ വേവലാതിപ്പെട്ടതു കൊണ്ട് അഴിമതിക്കാര്‍ക്കെതിരായ നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് കരുതിയോ ? അഴിമതിക്കെതിരായ പ്രവര്‍ത്തനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ശക്തമായ നടപടി തുടരും.” മുഖ്യമന്ത്രി പറഞ്ഞു.

ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ യാഥാര്‍ഥ്യമെന്ന് നാട്ടുകാര്‍ വിശ്വസിക്കുമെന്നാണ് ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്. ഹിറ്റ്ലറുടെ ഉറ്റ ചങ്ങാതി ഗീബല്‍സിന്റെ അതേ തന്ത്രമാണ് ‘കിഫ്ബി’യുടെ കാര്യത്തില്‍ പ്രതിപക്ഷനേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പയറ്റുന്നത്. അത് എവിടെയും വിലപ്പോവില്ല.

നിരന്തരം ആരോപണം ഉന്നയിക്കുന്നവരുടെ സൂക്കേട് എന്താണെന്നറിയാം. കേരളത്തില്‍ വികസനം നടക്കാതിരിക്കണമെന്ന വിചാരമാണ് ഇക്കൂട്ടര്‍ക്ക്. ഇത് സാധ്യമാകണമെങ്കില്‍ ‘കിഫ്ബി’യുടെ പ്രതിഛായ തകരണം. കിഫ്ബിയിലേയ്ക്കുള്ള ധനത്തിന്റെ വരവ് തടയണം. അങ്ങനെ വികസനം മുടക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് ഭരണത്തില്‍ എങ്ങനെയൊക്കെ അഴിമതി നടത്താമെന്നതായിരുന്നു ഗവേഷണം. നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ തന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ചു. ഇത് അഴിമതിക്കാര്‍ക്ക് തണലായി. ആ രീതി ഇപ്പോള്‍ മാറി. നാട്ടിലെ അന്വേഷണസംവിധാനങ്ങള്‍ക്ക് ഇപ്പോള്‍ കൂച്ചുവിലങ്ങില്ല. തെളിവിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രാധികാരമുണ്ട്. നിയമത്തിന്റെ കരങ്ങള്‍ സ്വതന്ത്രമായി എത്തേണ്ടിടത്ത് എത്തുന്നുണ്ട്. ഇത് അഴിമതി കുറയാന്‍ കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.