കെ എം മാണിയോട‌് സഹതാപമുണ്ടായിരുന്നെങ്കിൽ രണ്ടില ചിഹ്നം പോലുംസംരക്ഷിക്കാഞ്ഞത‌് എന്തുകൊണ്ട്? പാര്‍ട്ടിയുടേത് മാണിക്ക‌് അവസരങ്ങൾ നിഷേധിച്ച ചരിത്രമെന്ന് കോടിയേരി

കെ എം മാണിയോട‌് സഹതാപമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ‌് സംരക്ഷിക്കാഞ്ഞത‌് എന്തുകൊണ്ടാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ചോദിച്ചു.

മഹാനായ രാഷ‌്ട്രീയ നേതാവാണ‌് കെ എം മാണിയെന്ന‌് ഇപ്പോൾ പറയുന്ന യുഡിഎഫ‌് നേതാക്കൾ, മാണിയെ മുഖ്യമന്ത്രി ആക്കാതിരുന്നത‌് എന്തുകൊണ്ടാണെന്ന‌് വ്യക്തമാക്കണം. എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം തലനാട‌് ബാങ്ക‌് ജങ‌്ഷനിലും മൂന്നിലവിലും സംഘടിപ്പിച്ച പൊതുയോഗങ്ങൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

ലീഗ‌് നേതാവായ സി എച്ച‌് മുഹമ്മദ‌് കോയയെ മുഖ്യമന്ത്രിയാക്കിയ ചരിത്രം യുഡിഎഫിനുണ്ട‌്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ‌് രാഷ‌്ട്രീയം പറയുന്നില്ല. കോൺഗ്രസിന്റെ മുതിർന്ന നേതാവ‌് എ കെ ആന്റണി പോലും സഹതാപം മാത്രമാണ‌് പറയുന്നത‌്.

കെ എം മാണിക്ക‌് അവസരങ്ങൾ നിഷേധിച്ച ചരിത്രമാണ‌് കോൺഗ്രസിന്റേത‌്. ലീഗിനേക്കാൾ കൂടുതൽ സീറ്റ‌് കേരള കോൺഗ്രസിനുണ്ടായ ഘട്ടത്തിൽ പ്രതിപക്ഷ ഉപനേതാവ‌് സ്ഥാനം നൽകാൻ കോൺഗ്രസ‌് തയ്യറായില്ല. ഇപ്പോൾ ലീഗിന‌് പ്രതിപക്ഷ ഉപനേതാവ‌് സ്ഥാനം നൽകി.

രമേശ‌് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ‌് കെ എം മാണിയെ ബാർ കോഴ കേസിൽ പ്രതിചേർത്തത‌്. എക‌്സൈസ‌് മന്ത്രിയായിരുന്ന കെ ബാബുവിനെ പ്രതിചേർക്കാതെ മാണിയെ പ്രതിചേർത്ത‌് ജയിലിൽ അടയ‌്‌‌‌ക്കാൻ ശ്രമിച്ചവരാണ‌് ഇപ്പോൾ സ‌്നേഹം പ്രകടിപ്പിക്കുന്നത‌്. ഈ സ‌്നേഹപ്രകടനം തട്ടിപ്പാണ‌്.

പാലാരിവട്ടം പാലം അഴിമതിയിൽനിന്ന‌് ശ്രദ്ധ തിരിക്കാനാണ‌് രമേശ‌് ചെന്നിത്തല ദിവസേന ആരോപണങ്ങളുമായി രംഗത്തുവരുന്നത‌്. കിഫ‌്ബി വഴി പണമനുവദിച്ച‌് നടപ്പാക്കുന്ന വൈദ്യുത പദ്ധതിയിൽ അഴിമതിയെന്നാണ‌് ആരോപണം. കോട്ടയത്തും വടക്കൻ മലബാറിലും വോൾട്ടേജ‌് ക്ഷാമം പരിഹരിക്കാൻ കിഫ‌്ബി വഴി പണമനുവദിച്ച‌് പുതിയ പ്രസരണലൈൻ വലിക്കുകയാണ‌്.

കൂടങ്കുളം പദ്ധതിയിൽ കേരളത്തിന‌് അവകാശപ്പെട്ട വൈദ്യുതി എത്തിക്കാൻ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് കഴിഞ്ഞില്ല. ലൈൻ വലിക്കുന്നതിലായിരുന്നു തടസം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇതിന‌് പരിഹാരം കാണാൻ കഴിഞ്ഞില്ല. എൽഡിഎഫ‌് സർക്കാർ ഈ പ്രശ‌്നം പരിഹരിച്ചു.

ഒരുമാസത്തിനുളളിൽ പദ്ധതി കമീഷൻ ചെയ്യും. ഏറ്റുമാനൂരിനടുത്ത‌് സബ‌്സ‌്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചു. പ്രസരണ ലൈൻ മാറ്റാനും നടപടിയായി. യുഡിഎഫിന്റെ കാലത്ത‌് പദ്ധതി നടപ്പാക്കാത്തത‌് എന്തുകൊണ്ടെന്ന നാട്ടുകാരുടെ ചോദ്യം ഭയന്നാണ‌് ഇപ്പോൾ പദ്ധതിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത‌്. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങി വൻകിട പദ്ധതികൾ കിഫ‌്ബി വഴി പണം കണ്ടെത്തി യാഥാർഥ്യമാക്കുകയാണ‌്.

അഴിമതിക്ക‌് പഴുതുണ്ടാകാത്ത വിധമാകും എൽഡിഎഫ‌് സർക്കാരിന്റെ വികസനം. ഈ മാറ്റം യുഡിഎഫ‌് ഭയപ്പെടുന്നതിന്റെ തെളിവാണ‌് പാലാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള കള്ളപ്രചാരവേല.

തമ്മിലടിക്കുന്ന കേരള കോൺഗ്രസ‌് നേതൃത്വത്തെ തിരുത്തിക്കാൻ പ്രവർത്തകർക്ക‌് ലഭിച്ച അവസരമാണ‌് ഉപതെരഞ്ഞെടുപ്പ‌്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും അപ്രോച്ച‌് റോഡുകളില്ലാത്ത പാലങ്ങളും പാലായിലുണ്ട‌്. വികസനത്തിന്റെ നേട്ടം റോഡിലും പാലങ്ങളിലും മാത്രം കണ്ടാൽ പോര. സാധാരണക്കാർക്ക‌് അവരുടെ വീടുകളിൽ പ്രയോജനം കിട്ടുന്ന വിധമാകണം വികസനം.

53 ലക്ഷം വീടുകളിൽ പെൻഷനെത്തിച്ച സ‌്ത്രീശാക്തീകരണത്തിന‌് മാതൃകാപരമായ പദ്ധതികൾ നടപ്പാക്കിയ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കുതിപ്പിന‌് ഊർജം പകർന്ന സർക്കാരാണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ. പശ‌്ചാത്തല സൗകര്യരംഗത്ത‌് കോടിക്കണക്കിന‌് രൂപയുടെ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. വ്യവസായ സ്ഥാപനങ്ങളെ ലാഭത്തിലാക്കി.

എല്ലാമേഖലയിലും വികസനം യാഥാർഥ്യമാകുമ്പോൾ അതിന്റെ പ്രയോജനം പാലായ‌്ക്കും ലഭിക്കണം. അതിന‌് എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പന‌് അവസരം നൽകണം. എൽഡിഎഫിന്റെ വിജയം വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News