മോട്ടോർ വാഹന നിയമഭേദഗതി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയ‍ൻ വിളിച്ച ഉന്നതതലയോഗം ഇന്ന്. ഉയർന്ന പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം യോഗത്തിലാകും കൈകൊള്ളുക.

മോട്ടോർ വാഹന ഭേദഗതി നിയമം നിലവിൽ വന്നതിനു ശേഷം ഉയർന്ന പിഴ ഈടാക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം ഒ‍ഴിവാക്കുക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഒരു ഒാർഡിനൻസിലൂടെ പ്രശ്ന പരിഹാരം കാണാൻ സാധിക്കുമെന്നത് സംസ്ഥാനം കേന്ദ്രത്തെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചത്. ഇന്ന് ചേരുന്ന യോഗത്തിലാകും പിഴ തുകയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ, പൊലീസ് – മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക.

പി‍ഴ തുക ഈടാക്കുന്നതിൽ അവ്യക്തത തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാഹന പരിശോധനയുണ്ടെങ്കിലും പി‍ഴ നിലവിൽ ഈടാക്കുന്നില്ല. ഈ സാഹചര്യത്തിൽ കേസുകൾ നേരിട്ട് കോടതിയിലേക്ക് കൈമാറാനാണ് ഗതാഗത സെക്രട്ടറി നിർദ്ദേശിച്ചത്. ഇത് സംബന്ധിച്ചും കൂടുതൽ വ്യക്തത ഇന്നത്തെ യോഗത്തിലുണ്ടാകും.