കാളയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണമാല. മുംബൈയിലെ അഹമ്മദ് നഗറിലാണ് സംഭവം. കര്‍ഷകനായ ബാബുറാമിന്‍റെ വളര്‍ത്തുകാളയുടെ വയറ്റില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ സ്വര്‍ണമാല പുറത്തെടുത്തത്. മഹാരാഷ്ട്രയിലെ പ്രശസ്തമായ പോളി ആഘോഷത്തിനിടെയായിരുന്നു സംഭവം.
വീട്ടിലെ സ്വര്‍ണാഭരണങ്ങൾ തട്ടത്തിലാക്കി കാളയുടെ തലയില്‍ തൊട്ട് പ്രാര്‍ത്ഥന നടത്തുന്ന ചടങ്ങാണ് പോളി ആഘോഷങ്ങളില്‍ പ്രധാനം. ബാബുറാമിന്‍റെ പത്നി ഷിന്‍ഡ ഇത്തരത്തില്‍ തട്ടത്തില്‍ സ്വര്‍ണാഭരണവുമായെത്തവേ കാള താലിമാല വിഴുങ്ങുകയായിരുന്നു. വീട്ടുകാര്‍ പലവട്ടം കിണഞ്ഞു ശ്രമിച്ചിട്ടും കാളയുടെ വായില്‍നിന്ന് മാല തിരിച്ചെടുക്കാന്‍ കഴിഞ്ഞില്ല.
ചാണകത്തിലൂടെ സ്വര്‍ണമാല തിരിച്ചുകിട്ടുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ ദിവസങ്ങളോളം ചാണകമുൾപ്പടെ തപ്പിയെങ്കിലും ഫലമുണ്ടായില്ല. പിന്നീടാണ് കാളയെ വേറ്റിനറി ഡോക്ടറുടെ അടുത്തെത്തിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ കൊണ്ടുളള പരിശോധനയില്‍ മാല കാളയുടെ വയറ്റില്‍ തന്നെയുണ്ടെന്ന് വ്യക്തമായതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
എട്ടാം ദിവസമാണ് നഷ്ടമായ താലിമാല വീട്ടുകാര്‍ക്ക് തിരികെ ലഭിച്ചത്. സംഭവം പുറം ലോകമറിഞ്ഞതോടെ വീട്ടുകാരെ വട്ടം ചുറ്റിച്ച കാളയെ കാണാന്‍ നിരവധി ആളുകളാണ് ബാബുറാമിന്‍റെ വീട്ടിലെത്തുന്നത്.
Get real time update about this post categories directly on your device, subscribe now.