മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യുഡിഎഫ് നേതൃത്വമാണെന്ന് കോടിയേരി; മാണിയെ ജയിലിലടക്കാന്‍ ഗൂഢാലോചന നടത്തിയത് ചെന്നിത്തല; ബാബുവിനെ പ്രതിയാക്കിയില്ല, പകരം മാണിയെ; ഇത് ഇരട്ടനീതിയാണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്

പാലാ: കെഎം മാണിയോട് സഹതാപമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ് സംരക്ഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കെഎം മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യുഡിഎഫ് നേതൃത്വമാണ്. മഹാനായ രാഷ്ട്രീയ നേതാവാണ് കെഎം മാണിയെന്ന് ഇപ്പോള്‍ പറയുന്ന യുഡിഎഫ് നേതാക്കള്‍, മാണിയെ മുഖ്യമന്ത്രി ആക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് രാഷ്ട്രീയം പറയുന്നില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണി പോലും സഹതാപം മാത്രമാണ് പറയുന്നതെന്നും കോടിയേരി പറഞ്ഞു.

മാണിക്ക് അവസരങ്ങള്‍ നിഷേധിച്ച ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. ലീഗിനേക്കാള്‍ കൂടുതല്‍ സീറ്റ് കേരള കോണ്‍ഗ്രസിനുണ്ടായ ഘട്ടത്തില്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യറായില്ല. ഇപ്പോള്‍ ലീഗിന് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്‍കി.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് കെഎം മാണിയെ ബാര്‍ കോഴ കേസില്‍ പ്രതിചേര്‍ത്തത്. എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെ പ്രതിചേര്‍ക്കാതെ മാണിയെ പ്രതിചേര്‍ത്ത് ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഈ സ്‌നേഹപ്രകടനം തട്ടിപ്പാണ്. അത് ഇരട്ടനീതിയാണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News