മരടിലെ ഫ്‌ലാറ്റുകള്‍ ഒറ്റയടിക്കു പൊളിക്കുന്നതു പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീം കോടതിയില്‍ . 4 കെട്ടിട സമുച്ചയങ്ങളിലായി, 343 ഫ്‌ലാറ്റുകളുണ്ട്. സമീപത്ത് മറ്റു കെട്ടിടങ്ങളുണ്ട്, മുനിസിപ്പല്‍ പ്രദേശം കടലിനു സമീപമാണ്, തലങ്ങും വിലങ്ങും ജലാശയങ്ങളുണ്ട്. പൊളിച്ച മാലിന്യങ്ങള്‍ തള്ളുന്നതിനു സ്ഥലപരിമിതിയുണ്ട്. ഇത്രയും വലിയ കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുന്നത് ഇതാദ്യമാണ്.

ബന്ധപ്പെട്ട വകുപ്പിന് വേണ്ടത്ര പരിചയസമ്പത്തില്ലെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. എങ്കിലും ചട്ടം ലംഘിച്ചു പണിത ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതു സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി. 23 ന് നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം. കോടതിയുത്തരവു നടപ്പാക്കുന്നത് തന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ചീഫ് സെക്രട്ടറി ഉറപ്പു നല്‍കി. മദ്രാസ് ഐഐടിയിലെ വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ട്.