ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രങ് പൂണിയയും 57 കിലോയില്‍ രവികുമാര്‍ ദാഹിയയും വെങ്കലം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ വനിതകളുടെ 53 കിലോഗ്രാമില്‍ വിനേഷ് ഫോഗട്ടും വെങ്കലം സ്വന്തമാക്കി.

ഫ്രീസ്റ്റെല്‍ ഇനത്തിലാണ് മൂവരും വിജയം പിടിച്ചത്. എട്ടുവര്‍ഷത്തിനുശേഷം ഗോദയില്‍ തിരിച്ചെത്തിയ മുന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍കുമാര്‍ ആദ്യറൗണ്ടില്‍ തോറ്റു. 74 കിലോ വിഭാഗത്തില്‍ അസര്‍ബൈജാന്റെ കദ്സിമുറാദ് ഗദിയേവിനോട് സുശീല്‍ കീഴടങ്ങി (9-11).

ബലാബലം നീണ്ട പോരില്‍ മംഗോളിയയുടെ തുള്‍ഗ ഓച്ചിറിനെ 8-7നാണ് ലോക ഒന്നാം നമ്പറുകാരനായ ബജ്രങ് മലര്‍ത്തിയടിച്ചത്. തുടക്കത്തില്‍ പതറിയെങ്കിലും പിന്നില്‍നിന്നു തിരിച്ചുവന്നാണ് ഹരിയാനക്കാരന്‍ ഗോദയില്‍നിന്ന് വെങ്കലവുമായി മടങ്ങിയത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ബജ്രങ്ങിന്റെ മൂന്നാം മെഡലാണിത്.

2013ല്‍ വെങ്കലവും 2018ല്‍ വെള്ളിയും നേടി. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ലോകമെഡലുകള്‍ നേടുന്ന ഗുസ്തിക്കാരനെന്ന നേട്ടവും ഇരുപത്തഞ്ചുകാരന്റെ പേരിലായി. സ്വര്‍ണത്തിനായുള്ള പോരില്‍ കസാഖ്സ്ഥാന്റെ ഡൗലറ്റ് നിയാസ്ബെകോവിനെതിരെ തോറ്റിരുന്നു പൂണിയ.

കന്നി ലോക ചാമ്പ്യന്‍ഷിപ്പിനിറങ്ങിയ ദാഹിയ ഇറാന്റെ റെസ അഹമ്മദലി അത്രിങാര്‍ച്ചിയെ തോല്‍പ്പിച്ചാണ് വെങ്കലമണിഞ്ഞത് (6-3). അനായാസമായിരുന്നു ദാഹിയയുടെ വിജയം. ആദ്യ റൗണ്ടില്‍ തോറ്റ സുശീലിന് റെപിഷാഗെ വിഭാഗത്തില്‍ വെങ്കലമെഡലിനായി മത്സരിക്കാം. പൂണിയയും ദാഹിയയും വിനേഷും ടോക്യോ ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചിട്ടിണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News