ഇറ്റാലിയൻ സൂപ്പർകാർ നിർമ്മാതാക്കളായ ഫെറാറി F8 ട്രിബ്യൂട്ടോ അടുത്ത വർഷം ഇന്ത്യൻ വിപണിയിലെത്തും. 2019 ജനീവ മോട്ടോർ ഷോയിലാണ് വാഹനത്തെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്.

4.02 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജനപ്രിയ 488GTB യുടെ പിൻഗാമിയാണ് ഫെറാറി F8 ട്രിബ്യൂട്ടോ.

കമ്പനിയുടെ അവസാനത്തെ ഹൈബ്രിഡ് ഇതര V8 സൂപ്പർകാറും ഇതാണ്. 488GTB യിൽ നിന്ന് കടമെടുത്ത 3.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഫെറാറി F8 ട്രിബ്യൂട്ടോയുടെ കരുത്ത്.

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ 720 bhp കരുത്തും 770 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും.

2.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. കൂടാതെ 0-200 കിലോമീറ്റർ വേഗത 7.8 സെക്കൻഡിനുള്ളിൽ നേടാനും F8 ട്രിബ്യൂട്ടോയ്ക്ക് കഴിവുണ്ട്.

പുതിയ ഷാർപ്പ് ക്രീസുകൾ, പിന്നിൽ ഒരു എസ്-ഡക്റ്റ്, പുതുക്കിയ ഹെഡ് ലൈറ്റുകൾ, ഇരട്ട റിയർ ടെയിൽ ലൈറ്റ് ക്ലസ്റ്റർ, എഞ്ചിൻ കവറിനായി ലൂവറുകൾ എന്നിവ സൂപ്പർ കാറിന്‍റെ പ്രത്യേകതയാണ്