ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്റി-20 ഇന്ന്; ജയിച്ചാല്‍ പരമ്പര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നു മത്സരപരമ്പരയിലെ അവസാനമത്സരം രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ ഒപ്പമെത്താന്‍ ജയം അനിവാര്യമാണ്.

ആദ്യകളി മഴയെടുത്തപ്പോള്‍ രണ്ടാംമത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു. അവസാന ട്വന്റി-20യില്‍ എല്ലാ കണ്ണുകളും ഋഷഭ് പന്തിലാണ്. മഹേന്ദ്രസിങ് ധോണിക്ക് പിന്മുറക്കാരനാകാന്‍ നല്‍കിയ അവസരമൊന്നും വിക്കറ്റ് കീപ്പര്‍ മുതലെടുത്തിട്ടില്ല.

ക്യാപ്റ്റന്‍ കോഹ്ലിയുടെ മികവിലാണ് മൊഹാലിയില്‍ നടന്ന രണ്ടാംമത്സരം ഇന്ത്യ അനായാസം സ്വന്തമാക്കിയത്. 52 പന്തില്‍ 72 റണ്ണുമായി പുറത്താകാതെ നിന്ന്  ഇന്ത്യക്ക് ജയം സമ്മാനിച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഇല്ലാതെ ഇറങ്ങിയ പേസ് നിര ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ പരീക്ഷിച്ചു. ദീപക് ചഹാറും നവ്ദീപ് സെയ്നിയും അച്ചടക്കത്തോടെ പന്തെറിഞ്ഞു.

രവീന്ദ്ര ജഡേജയും ക്രുണാള്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ബാറ്റിലും പന്തിലും മികവ് കാട്ടുന്നവരാണ്. ഏകദിന ലോകകപ്പിനുശേഷം നീണ്ട ഇന്നിങ്സ് കളിക്കാനായിട്ടില്ല രോഹിത് ശര്‍മയ്ക്ക്. ടെസ്റ്റിനുമുന്നോടിയായി മികവ് കാട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ഉപനായകന്‍. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ നല്ല തുടക്കം കിട്ടിയിട്ടും മികച്ച സ്‌കോര്‍ പടത്തുയര്‍ത്താനായില്ല. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കും ബൗളിങ്ങില്‍ കഗീസോ റബാദയുമാണ് അവരുടെ കരുത്തര്‍.

ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്സ്, ക്വിന്റണ്‍ ഡി കോക്, ടെംബ ബവുമ, റാസി വാന്‍ ദെര്‍ ദുസെന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, ആന്‍ഡ്ലെ ഫെഹ്ളുകായോ, യോന്‍ ഫോട്യൂന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ത്യേ, ടബ്രിയസ് ഷംസി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here