മരട്: നാളെ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകം

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ വിഷയം നാളെ നിര്‍ണായക ദിനം. കേസ് സ്വമേധയാ പരിഗണിക്കുന്ന സുപ്രീംകോടതി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് സര്‍ക്കാരിനും ഫ്‌ലാറ്റ് ഉടമകള്‍ക്കും നിര്‍ണായകമാകും. ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കാത്തതില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തില്‍ കോടതി തൃപ്തരല്ലെങ്കില്‍ പൊളിക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കേണ്ടി വരും. അതേസമയം ചീഫ് സെക്രട്ടറി ഹാജരാകുന്നതില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട് 4 മാസം കഴിഞ്ഞു, കോടതി അന്ത്യശാസനം നല്‍കിയതോടെ പൊളിക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ നാലാം നമ്പര്‍ കോടതി വിഷയം വീണ്ടും പരിഗണിക്കുമ്പോള്‍ മരടിലെ 343 ഫ്‌ലാറ്റുടമകള്‍ക്കും സര്‍ക്കാരിനും ഏറെ നിര്‍ണായകമാകുമെന്ന് ഉറപ്പ്.

പൊളിച്ചു നീക്കലിന് നടപടികള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഉടനടി ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പ്രായോഗികം അല്ലെന്നും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിശദീകരണം നല്കിയിട്ടുണ്ട്. വീഴ്ചകള്‍ ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ കോടതി തൃപ്തരാകുന്നില്ല എങ്കില്‍ പൊളിച്ചു നീക്കല്‍ അല്ലാതെ സര്‍ക്കാരിന് മറ്റ് പോംവഴികള്‍ ഇല്ലാതെയാകും.

ഉത്തരവ് നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് സര്‍ക്കാര്‍ വ്യക്തതമാക്കിയ സാഹചര്യത്തില്‍ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി തന്നെ സമയം നിശ്ചയിക്കാനുള്ള സാധ്യതയുമുണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ചീഫ് സെക്രട്ടറി ഇളവ് ആവശ്യപ്പെട്ടിരുന്നു. ഹാജരാകുന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം ആയിട്ടില്ല. ഹാജരായില്ലെങ്കില്‍ കോടതിയെ പ്രകോപിപ്പിക്കാന്‍ ഇത് വഴി ഒരുക്കും എന്ന് ഒരു വിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ആരാകണം എന്നതില്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. പരിസ്ഥിതി ആഘാത പഠനം ആവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി, ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനി നല്‍കിയ അപേക്ഷ സര്‍ക്കാരിന് എതിരെ പരിസ്ഥിതി സംഘടന നല്‍കിയ കത്ത് എന്നിവ പ്രധാന ഹര്‍ജിക്ക് ഒപ്പം തന്നെ കോടതി പരിഗണിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News