തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസുകള്‍ കഴുകി വൃത്തിയാക്കി യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യര്‍ത്ഥികള്‍. കോളേജിലെ എന്‍സിസി യൂണിറ്റിലെ കുട്ടികളാണ് സേവന പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.

ഒക്ടോബര്‍ രണ്ട് ഗാന്ധിജന്തി ദിനത്തിനത്തിലാണ് സ്‌കൂളുകളിലും കോളേജുകളിലും സേവനവാരം ആചരിക്കുന്നതെങ്കിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കുട്ടികള്‍ ഇക്കുറി നേരത്തെയാണ്.

തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയാണ് സേവനവാരത്തിനായി കോളേജിലെ എന്‍സിസി യൂണിറ്റിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്. വെറുമൊരു ശുചീകരണ പ്രവര്‍ത്തനമല്ല ഇവര്‍ ഏറ്റെടുത്തത് ഡിപ്പോയിലെ ബസുകള്‍ കഴുകി വൃത്തിയാക്കുക എന്നതാണ് ദൗത്യം. നൂറ്റി അമ്പതോളം കുട്ടികളാണ് ശുചീകരണ പരിപാടിയില്‍ പങ്കെടുത്തത്.

ബസുകള്‍ കഴുകുകമാത്രമല്ല ബസ് സ്റ്റാന്റും പരിസരവും വൃത്തിയാക്കുകയും ഇവര്‍ ചെയ്തു. എന്നും പരിമിതികള്‍ മാത്രമുള്ള കെ എസ് ആര്‍ ടി സിക്ക് ഇവര്‍ ചെയ്ത സേവനം അത്ര ചെറുതൊന്നുമല്ല. ഇത്തരമൊരു ദൗത്യമേറ്റെടുത്തതിലുള്ള സന്തോഷത്തിലാണ് കോളേജിലെ എന്‍ സി സി വോളന്റിയര്‍മാര്‍.