കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ഹിന്ദി ഭാഷാ നയത്തില്‍ നിന്ന് ബിജെപി പിന്മാറി. രാജ്യ വ്യാപകമായി ഉയര്‍ന്ന പ്രതിഷേധം ഭയന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പിന്മാറ്റം. സംസ്ഥാനങ്ങള്‍ക്ക് അവരുടെ മാതൃഭാഷ അനുസരിച്ച് ഏതെങ്കിലും മൂന്നു ഭാഷകള്‍ക്കു പ്രാധാന്യം നല്‍കാമെന്നും ഹിന്ദി വേണമെന്നു നിര്‍ബന്ധമില്ലെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.

മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കും 26 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡുമായി (സി.എ.ബി.ഇ.) നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

വിദ്യാഭ്യാസ സംബന്ധമായ കാര്യത്തില്‍ രാജ്യത്തു തീരുമാനമെടുക്കാന്‍ കഴിയുന്ന ഏറ്റവും ഉന്നത അതോറിറ്റിയാണ് സി.എ.ബി.ഇ. ഭൂരിപക്ഷം സംസ്ഥാനങ്ങളും അവരുടെ മാതൃഭാഷ വേണമെന്നാണ് ആവശ്യപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ‘സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ ആവശ്യത്തോട് അനുകൂലമായ സമീപനമാണു സ്വീകരിച്ചത്. ഹിന്ദി നിര്‍ബന്ധമായി തെരഞ്ഞെടുക്കേണ്ടെന്നും ഏതെങ്കിലും മൂന്നു ഭാഷകള്‍ മതിയെന്നും അതില്‍ അവരുടെ മാതൃഭാഷ ഉള്‍പ്പെടുത്താമെന്നും കേന്ദ്രം അവരോടു പറഞ്ഞിട്ടുണ്ട്.’- മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.