പാലാരിവട്ടം പാലം വാർത്തകളിൽ നിറയുമ്പോൾ തൊട്ടാൽ പൊളിയുന്ന പുട്ടിന്‌ പാലാരിവട്ടം പുട്ട് എന്ന് പേര് നൽകിയിരിക്കുകയാണ് തലശ്ശേരിയിലെ ഒരു ഹോട്ടൽ.

ഹോട്ടലിന്റെ ഫേസ്ബുക് പോസ്റ്റിന് പിന്നാലെ മണിക്കൂറുകൾക്കകം പാലാരിവട്ടം പുട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ എന്നാണ് പാലാരിവട്ടം പുട്ടിന്റെ പരസ്യ വാചകം.

രുചി പെരുമയ്ക്ക് പേര് കേട്ട നാടാണ് തലശ്ശേരി.ഇവിടെയുള്ള ലാഫയർ റസ്റ്റോറന്റ് മെനുവിൽ വായിൽ വെള്ളമൂറുന്ന നിരവധി വിഭവങ്ങളുണ്ട്.

അതിൽ ഏറ്റവും പുതിയ ഐറ്റമാണ് പാലാരിവട്ടം പുട്ട്.തൊട്ടാൽ പൊളിയുന്ന പുട്ടിന് ഇതിനപ്പുറം അനുയോജ്യമായ മറ്റെന്ത് പേരിടാനാണെന്ന് ഹോട്ടൽ മാനേജ്‌മെന്റും ജീവനക്കാരും ചോദിക്കുന്നു.

പാലാരിവട്ടം പുട്ട് പരിചയപ്പെടുത്തി ഹോട്ടലിന്റെ ഫേസ്ബുക് പേജിൽ ഇട്ട പോസ്റ്റ് മണിക്കൂറുകൾക്കകം തന്നെ വൈറലായി.

ഇതിന് പിന്നാലെ മൽപ്പിടുത്തം ഇല്ലാതെ ഒറ്റ തൊടലിന് തന്നെ പൊളിയുന്ന പാലാരിവട്ടം പുട്ട് തേടി ഭക്ഷണ പ്രേമികളുടെ വരവും തുടങ്ങി.

തൊതൊട്ടാൽ പൊളിയുമെങ്കിലും പാലാരിവട്ടം പാലം പോലെ ചേർക്കേണ്ടതെല്ലാം ചേർക്കാതെയല്ല എല്ലാ ചേരുവകളും ചേർത്തിട്ട് തന്നെയാണ് ഈ പാലാരിവട്ടം പുട്ടിന്റെ കൺസ്ട്രക്ഷൻ.