കുടുംബവഴക്കിനെ തുടർന്ന് കശുവണ്ടി തൊഴിലാളിയായ രണ്ടാം ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആട്ടോ ഡ്രൈവറായ ഭർത്താവ് തീ കൊളുത്തി മരിച്ചു.

പെരിനാട് കോട്ടയ്ക്കകംനഗർ പള്ളിയമ്പിൽ കായൽ വാരത്ത് വീട്ടിൽ ശ്രീകണ്ഠൻ നായർ (70), ഇയാളുടെ രണ്ടാം ഭാര്യ അപ്പി എന്നറിയപ്പെടുന്ന ലതിക (53) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇവരുടെ വീട്ടിൽ നിന്നും ലതികയുടെ നിലവിളി കേട്ടതിന് പിന്നാലെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നതു കണ്ട് പരിസരവാസികൾ ഓടിയെത്തുമ്പോഴാണ് വീട്ടിലെ അടുക്കളയ്ക്കുള്ളിൽ ശ്രീകണ്ഠൻ നായരെ തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത്.

തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ലതിക കുത്തേറ്റ് ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കാണുന്നത്. നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫയർഫോഴ്സും പോലീസും ചേർന്നാണ് ശ്രീകണ്ഠൻ നായരുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരുടെ മകൻ ശ്രീകുമാർ കഴിഞ്ഞ മൂന്നു മാസം മുമ്പാണ് മൻജു എന്ന യുവതിയെ വിവാഹം കഴിച്ചു കൊണ്ടുവന്നത്.

ഭാര്യയുമായി ഞായറാഴ്ച രാവിലെ മുതൽ തന്നെ ശ്രീകണ്ഠൻ നായർ വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. വൈകിട്ട് ഇവർ തമ്മിൽ വഴക്കുണ്ടായപ്പോൾ മരുമകൾവീടിന് പുറത്തു പോയി ഭർത്താവിനെ വിവരം അറിയിക്കുന്നതിനിടയിലാണ് ലതികയെ ഇയാൾ കുത്തിയ ശേഷം വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

തീപിടുത്തത്തിൽ അടുക്കളയിലുണ്ടായിരുന്ന സാധനങ്ങളും കിടപ്പുമുറിയിലുണ്ടായിരുന്ന കട്ടിലും, മേശയും, അലമാരയും ഉൾപ്പടെ കത്തി നശിച്ചു.

അഞ്ചാലുംമൂട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.ഇരുവരുടെയും മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി