പാലാരിവട്ടം മേൽപാലം നിർമാണ അഴിമതി കേസിൽ വിജിലൻസിന്‌ നിർണായക തെളിവ്‌ ലഭിച്ചു. നിർമാണ കരാർ ഏറ്റെടുത്ത ആർഡിഎസ്‌ പ്രോജക്ടിന്റെ മാനേജിങ്‌ ഡയറക്ടർ സുമിത്‌ ഗോയലിന്റെ പേഴ്‌സണൽ ലാപ്‌ടോപ്പാണ്‌ ലഭിച്ചത്‌. പണമിടപാട്‌ ഉൾപ്പെടെ രേഖപ്പെടുത്തിയ ലാപ്‌ടോപ്പ്‌ പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവാകും. കൂടുതൽ പരിശോധനയ്‌ക്കായി ഹാർഡ്‌ ഡിസ്‌ക്‌ സി ഡാക്കിന്‌ കൈമാറി.

കേസിൽ ഒന്നാംപ്രതിയായ സുമിത്‌ ഗോയൽ റിമാൻഡിലാണ്‌. ആർഡിഎസ്‌ പ്രോജക്ടിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും ലാപ്‌ടോപ്പിൽ രേഖപ്പെടുത്തിയതായി സുമിത്‌ ഗോയൽ വിജിലൻസിന്‌ മൊഴി നൽകിയിരുന്നു. പണമിടപാട്‌, ഉന്നതരുടെ പേരുവിവരങ്ങൾ, കരാറുമായി ബന്ധപ്പെട്ട കത്തിടപാടുകൾ തുടങ്ങിയവയും ലാപ്‌ടോപ്പിൽനിന്ന്‌ ലഭിക്കുമെന്ന നിഗമനത്തിലാണ്‌ വിജിലൻസ്‌. മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ ഹാജരാക്കിയശേഷമാണ്‌ ഹാർഡ്‌ ഡിസ്‌ക്‌ സി ഡാക്കിന്‌ പരിശോധനയ്‌ക്ക്‌ നൽകിയത്‌.

ടി ഒ സൂരജിന്റെ മൊഴിയുടെയും കോടതിയിൽ നടത്തിയ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിൽ കേസിൽ പ്രതിചേർക്കുന്നതിന്റെ മുന്നോടിയായി മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യാൻ തിങ്കളാഴ്‌ച നോട്ടീസ്‌ നൽകും. പ്രതിചേർക്കുന്നതുമായി ബന്ധപ്പെട്ട നിയമോപദേശവും തിങ്കളാഴ്‌ച ലഭിക്കും. വിജിലൻസ്‌ അഡീഷണൽ ഡയറക്ടർ പ്രോസിക്യൂഷനോടാണ്‌ അന്വേഷണ സംഘം നിയമോപദേശം തേടിയത്‌.

അന്വേഷണവുമായി ബന്ധപ്പെട്ട്‌ പൊതുമരാമത്തുവകുപ്പിൽനിന്ന്‌ വിജിലൻസ്‌ കൂടുതൽ വിവരം ശേഖരിക്കുന്നു. പിടിച്ചെടുത്ത ചില ഫയലുകളിലെ സാങ്കേതികവിവരങ്ങളുടെ വിശദാംശത്തിന്‌ ഉന്നത ഉദ്യോഗസ്ഥരുടെ സഹായം തേടും. പൊതുമരാമത്ത്‌ സെക്രട്ടറി അടക്കമുള്ളവരെ ഇതിനായി വിജിലൻസ്‌ സമീപിക്കും. ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിൽ പ്രവർത്തിച്ച ചിലരുടെ പങ്കുകൂടി അന്വേഷിക്കും. അദ്ദേഹത്തിന്റെ ഓഫീസിനെതിരെ അക്കാലത്ത്‌ ഗുരുതര ആരോപണം ഉയർന്നിരുന്നു.

യുഡിഎഫ്‌ സർക്കാരിൽ ആദ്യഘട്ടത്തിൽ മന്ത്രിയായിരുന്ന കെ ബി ഗണേശ്‌കുമാർ എംഎൽഎ നിയമസഭയിൽ രേഖകൾ സഹിതം പൊതുമരാമത്ത്‌ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.