കെഎസ്‌ആർടിസിയെ ദേശീയ നിലവാരത്തിലേക്ക്‌ എത്തിക്കാനാണ്‌ സർക്കാർ ശ്രമമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ

ഉൽപ്പാദനക്ഷമതയിൽ കെഎസ്‌ആർടിസിയെ ദേശീയ നിലവാരത്തിലേക്ക്‌ എത്തിക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെഎസ്‌ആർടി എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കണം. അതല്ലാതെ പ്രശ്‌നങ്ങൾ തീരില്ല. വിദഗ്‌ധ ശുപാർശകൾ നടപ്പാക്കാനുള്ള മാർഗങ്ങൾ ആലോചിക്കണം. പ്രൊഫഷണലായി പ്രവർത്തിക്കണം. ജീവനക്കാരുടെ പ്രവർത്തനങ്ങൾ, കാര്യക്ഷമത, സേവനസന്നദ്ധത എന്നിവയിൽ ശ്രദ്ധവേണം. മാനേജ്‌മെന്റും കോർപറേഷനും പ്രൊഫഷണലാകണമെങ്കിൽ അതിനുള്ള നടപടി എടുക്കണം.

എൽഡിഎഫ്‌ സർക്കാർ അധികാരത്തിലേറുമ്പോൾ 3,100 കോടി രൂപയുടെ കടബാധ്യതയാണ്‌ കെഎസ്‌ആർടിസിക്ക്‌ ഉണ്ടായിരുന്നത്‌. പ്രതിദിന വരുമാനമായ അഞ്ച്‌ കോടി 40 ലക്ഷം രൂപയിൽനിന്ന്‌ മൂന്ന്‌ കോടിരൂപ കടം തിരിച്ചടവിന്‌ നൽകേണ്ട അവസ്ഥയായിരുന്നു. ഇത്‌ പരിഹരിക്കാൻ സർക്കാർ ഇടപെടലിലൂടെ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചു. പലിശ കുറഞ്ഞ ദീർഘകാല വായ്‌പയായി ഇതിനെ മാറ്റി. കെഎസ്‌ആർടിസിയുടെ പ്രതിമാസ ചെലവിൽ 65 കോടി രൂപയുടെ കുറവ്‌ വരുത്തി. ഇതിനു പുറമേ 20 കോടി രൂപ വീതം സർക്കാർ സഹായം നൽകി.

കിഫ്‌ബിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള മുടന്തൻ വാദങ്ങളാണ്‌ പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയുടേത്‌. ഞങ്ങൾ നടപ്പാക്കാത്തത് നിങ്ങൾ നടപ്പാക്കേണ്ട എന്നാണ്‌ പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയും കൂട്ടരും ചിന്തിക്കുന്നത്‌. നാട്ടിൽ ഒരു വികസന പ്രവർത്തനവും നടത്തരുത്‌ എന്നാണ്‌ ഇത്തരം ദുഷ്ടബുദ്ധികൾ കരുതുന്നതെന്നും പിണറായി പറഞ്ഞു.കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്‌ കിഫ്‌ബിയിൽ എത്ര വിശദമായ പരിശോധനയും നടത്താം. ഇത്തരം സ്ഥാപനങ്ങൾക്ക്‌ ഒരു സ്‌റ്റാറ്റ്യൂട്ടറി ഓഡിറ്റർ ഉണ്ടാകുമെന്ന്‌ മാത്രം. സിഎജിയെ പൂർണമായി ഒഴിവാക്കിയെന്നാണ്‌ ചെന്നിത്തല പറയുന്നത്‌. വികസന പ്രവർത്തനങ്ങൾക്ക്‌ കിഫ്‌ബിയിലൂടെ പണം ലഭിക്കാൻ പാടില്ലെന്ന ഉദ്ദേശ്യത്തിലാണ്‌ ഇത്തരം വാദങ്ങൾ നിരത്തുന്നത്‌.

പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും നാല് വർഷംകൊണ്ട് നടപ്പാക്കി ജനങ്ങളുടെ മുന്നിൽ പ്രോഗ്രസ് കാർഡ് വയ്ക്കുന്ന രാജ്യത്തെ ആദ്യ സർക്കാരായിരിക്കും കേരളത്തിലേത്‌. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600ൽ 58 പദ്ധതികൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News