പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ബൂത്തുകൾക്ക്‌ മുന്നിൽ വോട്ടർമാരുടെ നീണ്ടനിര.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്ക് കോളേജിലെ 119 ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്,മക്കളായ ടീന,ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

പാലായില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന്‌ മാണി സി കാപ്പൻ പറഞ്ഞു. കെ എം മാണിക്ക്‌ ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും വോട്ടെണ്ണൽ ദിവസവും ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടർമാർമാരാണുള്ളത്‌. 87,729 പുരുഷ വോട്ടർമാരും 91,378 വനിതകളും. 27നാണ്‌ വോട്ടെണ്ണൽ. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ‌് മെഷീൻ ഉപയോഗിക്കുന്നുണ്ട‌്. വോട്ടിങ‌് മെഷീനുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ ഞായറാഴ‌്ച വിതരണം ചെയ‌്തു. എൽഡിഎഫ്‌ സ്ഥാനാർഥിയായി മാണി സി കാപ്പനും യുഡിഎഫ്‌ സ്വതന്ത്രനായി ജോസ്‌ ടോമും എൻഡിഎയിൽ നിന്ന്‌ എൻ ഹരിയും ജനവിധി തേടുന്നു.