അ‍ഴീക്കോടൻ രാഘവൻ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേയ്ക്ക് 47 വർഷം തികയുന്നു; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

കേരളം രൂപം കൊണ്ടതിനുശേഷം നടന്ന ഏറ്റവും വലിയ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒന്നാണ് അ‍ഴീക്കോടന്റേത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ അതുല്യനായ നേതാവായിരുന്നു സ.അഴീക്കോടൻ രാഘവൻ. വളരെ സാധാരണമായ തൊഴിലാളികുടുംബത്തിൽ ജനിച്ച് ബീഡിത്തൊഴിലാളിയായി മാറി ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ പാർടി നേതൃനിരയിലേക്ക് ഉയർന്നുവരികയായിരുന്നു. അക്കാലത്ത് കേരള രാഷ്ട്രീയത്തിൽ ഉയർന്നുവന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകവെയാണ് സ.അഴീക്കോടൻ രാഘവൻ തൃശൂരിൽവച്ച് കൊലചെയ്യപ്പെടുന്നത്. 1972 സെപ്തംബർ 23നായിരുന്നു അത്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിനുശേഷം നടന്ന ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായത് മാറി. കൊലയാളികളെ സംരക്ഷിക്കാനും അവർക്ക് മാന്യതയുടെ മുഖം നൽകാനുമുള്ള വലതുപക്ഷ രാഷ്ട്രീയശക്തികളുടെ നീക്കത്തെ ജനകീയശക്തിയിലൂടെയായിരുന്നു മറികടന്നത്.

കണ്ണൂർ പട്ടണത്തിലെ തെക്കിബസാറിനടുത്തായിരുന്നു അഴീക്കോടന്റെ വീട്. ചെറുപ്രായത്തിൽത്തന്നെ രാഷ്ട്രീയപ്രവർത്തനത്തോട് സൂക്ഷിച്ച അഭിനിവേശം സഖാവിൽ കാണാൻ കഴിയും. ബീഡിത്തൊഴിലാളിയായി പ്രവർത്തിക്കവെ ബീഡിത്തൊഴിലാളികളുടെ യൂണിയന്റെ നേതാവായി. പിന്നീട് എല്ലാവിഭാഗത്തിൽപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നൽകി. ദേശീയപ്രസ്ഥാനത്തിന്റെ ഘട്ടത്തിൽത്തന്നെ അഴീക്കോടൻ രാഘവൻ രാഷ്ട്രീയപ്രവർത്തന രംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. 1946ൽ കമ്യൂണിസ്റ്റ് പാർടിയുടെ കണ്ണൂർ ടൗൺ കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

രാഷ്ട്രീയപ്രവർത്തനത്തിന്റെയും ബഹുജനസമരത്തിന്റെയും ഭാഗമായി നിരവധി തവണ മർദനങ്ങൾക്ക് വിധേയനാക്കപ്പെടുകയുണ്ടായി. 1948ൽ പൊലീസ് അറസ്റ്റിനെ തുടർന്ന് ക്രൂരമായ മർദനത്തിനാണ് ഇരയാക്കപ്പെട്ടത്. 1950, 1962, 1964 എന്നീ വർഷങ്ങളിലും അഴീക്കോടൻ ജയിലിലടയ്ക്കപ്പെടുകയുണ്ടായി. മർദനങ്ങൾക്കും ജയിലറകൾക്കും തകർക്കാനാകാത്ത ഇച്ഛാശക്തിയുടെ പര്യായമായി അഴീക്കോടൻ രാഘവനെന്ന പേര് ഉയർന്നുവന്നു. ജനാധിപത്യത്തിനായുള്ള സമരങ്ങളിൽ ഏറ്റവും മുന്നിലായി അഴീക്കോടൻ നിലയുറപ്പിച്ചിരുന്നു.

അഴീക്കോടൻ രാഘവനും എ കെ ജിയും

ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനാധിപത്യവും മതനിരപേക്ഷതയും ചവിട്ടിയരയ്ക്കപ്പെടുന്ന വർത്തമാനമാണിന്ന്. ആർഎസ്എസിനാൽ നയിക്കപ്പെടുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾ ജനവിരുദ്ധ രാഷ്ട്രീയശക്തികളാൽ നിർണയിക്കപ്പെട്ടതാണ്. ആഗോള മൂലധനശക്തികളുടെ താൽപ്പര്യങ്ങളുടെ സംരക്ഷണമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ബഹുജനങ്ങളുടെ ദുരിതം അനുദിനം വർധിക്കുകയാണ്. അപകടകരമായ സ്ഥിതിവിശേഷത്തെയാണ് രാജ്യം നേരിടുന്നത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. ജനാധിപത്യമര്യാദകളില്ലാത്ത സമീപനമാണ് സംസ്ഥാന സർക്കാരുകളോട് സ്വീകരിക്കുന്നത്. ബിജെപിയിതര സർക്കാരുകൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം നൽകാതെ പ്രതിസന്ധിയിലാക്കുന്നു. സാമ്പത്തികനയത്തിന്റെ ദുരിതം ഏറ്റുവാങ്ങുന്ന ജനങ്ങളെ മത‐വർഗീയചിന്തകളുപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും അപകടകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് രാജ്യം ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ സമീപനം മറ്റൊരു പ്രധാന വിഷയമായി നിലനിൽക്കുകയാണ്. കേരളത്തെ പ്രയാസപ്പെടുത്താനാകുന്ന എല്ലാ മാർഗങ്ങളും കേന്ദ്രസർക്കാർ പ്രയോഗിക്കുകയാണ്. രാജ്യത്തിന് മാതൃകയാകുന്ന ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് കേരളത്തിലെ സർക്കാർ ചെയ്യുന്നത്. പ്രളയാനന്തരം ജനങ്ങളുടെ ദുരിതമകറ്റാൻ നടത്തിയ ശ്രമങ്ങൾ അതിന്റെ ഉദാഹരണമാണ്. ബഹുജനപിന്തുണയോടെ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് അവ ഉറപ്പുവരുത്താൻ നടത്തിയ ശ്രമങ്ങളും അതിന്റെ വിജയവും രാജ്യമാകെ ശ്ലാഘിക്കപ്പെട്ടതാണ്. അത്തരം പ്രവർത്തനങ്ങളെ പിന്തിരിപ്പിക്കാനും തകർക്കാനും കേരളത്തിലെ വലതുപക്ഷം ശ്രമിച്ചത് അവരെ എക്കാലത്തും വേട്ടയാടുന്ന സംഭവങ്ങളായിരിക്കും.

കേരളരാഷ്ട്രീയത്തിൽ പാലാരിവട്ടം പാലവും യുഡിഎഫിന്റെ സമാനമായ അഴിമതികളും വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരം അഴിമതികൾക്കും കൊള്ളരുതായ്മകൾക്കും മറുപടി പറയാനാകാതെ വിയർത്തുനിൽക്കുകയാണ് യുഡിഎഫ് നേതൃത്വം. ജനങ്ങളിൽനിന്ന് പൂർണമായും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന യുഡിഎഫ് പിടിച്ചുനിൽക്കാനുള്ള കച്ചിത്തുരുമ്പുകൾ അന്വേഷിക്കുകയാണ്. അതിന്റെ ഭാഗമായാണ് കോൺഗ്രസ്‐ലീഗ് നേതൃത്വത്തിന്റെ ചില വിടുവായിത്തങ്ങൾ കേൾക്കാൻ ഇടയാകുന്നത്. ജനങ്ങൾ അവജ്ഞയോടെ അതെല്ലാം തള്ളിക്കളയുകയാണ്.

സംസ്ഥാനം ശ്രദ്ധിക്കുന്ന പാലായിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ സ.അഴീക്കോടൻ രാഘവൻ ദിനം നാം ആചരിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് പാലായിലെ എൽഡിഎഫ് വിജയം സഹായകമാകും. സ.അഴീക്കോടൻ രാഘവന്റെ ഓർമകൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കരുത്തായി മാറും. വലതുപക്ഷരാഷ്ട്രീയത്തിനെതിരായ പോരാട്ടങ്ങളെ അവ കൂടുതൽ ശക്തിപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News