വ്യക്തിവിവരങ്ങളും ഇനി രഹസ്യമല്ല; ദേശീയ ഇന്റലിജൻസ്‌ ഗ്രിഡ്‌ (നാറ്റ്‌ഗ്രിഡ്‌) ഉടൻ

ന്യൂഡൽഹി: തീവ്രവാദം തടയുന്നതിനെന്ന പേരിൽ വ്യക്തിവിവരങ്ങൾ പൂർണമായും ശേഖരിക്കുന്ന ദേശീയ ഇന്റലിജൻസ്‌ ഗ്രിഡ്‌ (നാറ്റ്‌ഗ്രിഡ്‌) ഉടൻ യാഥാർഥ്യമാക്കാൻ മോഡി സർക്കാർ.

2020 ജനുവരിയോടെ നാറ്റ്‌ഗ്രിഡ്‌ നിലവിൽവരുമെന്ന്‌ ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ പറഞ്ഞു. പൗരന്മാരുടെ വിമാന–ട്രെയിൻ യാത്ര, ഫോൺ വിളികൾ, ബാങ്ക്‌ ഇടപാടുകൾ, ക്രെഡിറ്റ്‌ കാർഡുപയോഗം, നികുതിവിവരങ്ങൾ തുടങ്ങിയവയെല്ലാം നാറ്റ്‌ഗ്രിഡിൽ ശേഖരിക്കും.

മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ യുപിഎ സർക്കാരാണ്‌ നാറ്റ്‌ഗ്രിഡ്‌ ആശയം മുന്നോട്ടുവച്ചത്‌. 2010 ഏപ്രിൽ എട്ടിനാണ്‌ പദ്ധതിക്ക്‌ അംഗീകാരം നൽകിയതെങ്കിലും പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു.

ആഭ്യന്തരവകുപ്പിൽ അമിത്‌ ഷാ എത്തിയതോടെ നടപടികൾ വേഗത്തിലാക്കി. ആധാറിനു സമാനമായി വ്യക്തികളുടെ സ്വകാര്യതയിലേക്ക്‌ കൂടുതൽ കടന്നുകയറ്റം നടത്തുന്ന നാറ്റ്‌ഗ്രിഡ്‌ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആക്ഷേപമുണ്ട്‌.

3400 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന നാറ്റ്‌ഗ്രിഡിന്റെ പ്രവർത്തനപുരോഗതി ആഭ്യന്തരമന്ത്രി അമിത്‌ ഷാ വിലയിരുത്തിയിരുന്നു.

സംശയിക്കുന്ന ഏതൊരാളുടെയും വ്യക്തിവിവരങ്ങൾ നാറ്റ്‌ഗ്രിഡിൽനിന്ന്‌ അന്വേഷണ ഏജൻസികൾക്ക്‌ ശേഖരിക്കാനാകും.

ഇന്റലിജൻസ്‌ ബ്യൂറോ, റോ, സിബിഐ, എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌, റവന്യൂ ഇന്റലിജൻസ്‌, ഫിനാൻഷ്യൽ ഇന്റലിജൻസ്‌, പ്രത്യക്ഷ നികുതി കേന്ദ്രബോർഡ്‌,

എക്‌സൈസ്‌–-കസ്റ്റംസ്‌ കേന്ദ്ര ബോർഡ്‌, കേന്ദ്ര എക്‌സൈസ്‌–-ഇന്റലിജൻസ്‌ ഡയറക്ടറേറ്റ്‌ ജനറൽ, നാർക്കോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ തുടങ്ങി പത്ത്‌ സർക്കാർ ഏജൻസികളെയും 21 സേവനദാതാക്കളെയുമാണ്‌ ആദ്യ ഘട്ടത്തിൽ നാറ്റ്‌ഗ്രിഡുമായി ബന്ധിപ്പിക്കുക. സംസ്ഥാന ഏജൻസികളെ ബന്ധിപ്പിക്കില്ല. വിവരശേഖരണത്തിന്‌ ഇവർക്ക്‌ നാറ്റ്‌ഗ്രിഡിനെ സമീപിക്കാം.

എട്ടുകോടിയോളം നികുതിദായകരുടെ വിവരം ആദായനികുതിവകുപ്പിൽനിന്ന്‌ നാറ്റ്‌ഗ്രിഡ്‌ ശേഖരിച്ചു. വിമാനയാത്രക്കാരുടെ വിവരങ്ങൾക്ക്‌ വ്യോമയാനമന്ത്രാലയവുമായും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലുമായും വിമാനക്കമ്പനികളുമായും ചർച്ച നടത്തുകയാണ്‌.

ഇമിഗ്രേഷൻ വിവരങ്ങളും ബാങ്ക്‌ ഇടപാട്‌ വിവരങ്ങളും നാറ്റ്‌ഗ്രിഡിന്‌ അപ്പപ്പോൾ ലഭ്യമാകും. നാറ്റ്‌ഗ്രിഡിന്റെ വിവരശേഖരണ കേന്ദ്രം ബംഗളൂരുവിലാണ്‌. ആസ്ഥാനം ഡൽഹിയിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News