കശ്‌മീർപ്രശ്‌നത്തിൽ കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. പാകിസ്ഥാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവച്ച മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്‌ പാക്‌ അധീന കശ്‌മീർ ഉരുത്തിരിയാൻ കാരണമെന്ന്‌ അമിത്‌ ഷാ ആരോപിച്ചു.

നെഹ്‌റുവിനു പകരം അന്നത്തെ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായ്‌ പട്ടേലായിരുന്നു ഈ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നത്‌. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കംകുറിച്ച്‌ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഷാ.

ദേശീയ പാർടിയെ തെരഞ്ഞെടുക്കണോ കുടുംബവാഴ്‌ച നിലനിൽക്കുന്ന പാർടിയെ തെരഞ്ഞെടുക്കണോയെന്ന്‌ ജനങ്ങൾ തീരുമാനിക്കണം.തെരഞ്ഞെടുപ്പ്‌ വിജയത്തിനായി കശ്‌മീർ പ്രധാന വിഷയമാക്കാനാണ്‌ ബിജെപി നീക്കം. 370–-ാം അനുച്ഛേദം റദ്ദാക്കിയതിനെ എതിർത്ത കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെയും അമിത്‌ ഷാ വിമർശിച്ചു.