ഡി കോക്ക്‌ വിറപ്പിച്ചു; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പര സമനിലയില്‍

പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യയെ ക്വിന്റൺ ഡി കോക്ക്‌ വിറപ്പിച്ചു വീഴ്‌ത്തി. മൂന്നാം ട്വന്റി-20യിൽ ഒമ്പത്‌ വിക്കറ്റിന്റെ മിന്നുന്ന ജയം കുറിച്ചു ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പര 1–1ന്‌ അവസാനിച്ചു. ആദ്യ കളി മഴകാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ ജയിച്ചു. സ്‌കോർ: ഇന്ത്യ 9-134; ദക്ഷിണാഫ്രിക്ക 1–140 (16.5).
ബംഗളൂരുവിൽ ഇന്ത്യൻ ബാറ്റിങ്‌ നിര ആകെ അടിച്ചുകൂട്ടിയത്‌ 9–134. ചെറിയ ലക്ഷ്യത്തെ ഡി കോക്ക്‌ പെട്ടെന്ന്‌ വരുതിയിലാക്കി. 16.5 ഓവറിൽ കളി തീർന്നു. ഡി കോക്ക്‌ 52 പന്തിൽ 79 റണ്ണുമായി പുറത്താകാതെനിന്നു.

ഇന്ത്യൻ ബാറ്റിങ്‌ നിരയിൽ ശിഖർ ധവാൻ മാത്രം തിളങ്ങി. 25 പന്തിൽ 36 റണ്ണാണ്‌ ഈ ഇടംകൈയൻ നേടിയത്‌. രോഹിത്‌ ശർമയും (8 പന്തിൽ 9) ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയും (15 പന്തിൽ 9) പെട്ടെന്ന്‌ മടങ്ങി. ഋഷഭ്‌ പന്ത്‌ (20 പന്തിൽ 19) ഒരിക്കൽക്കൂടി വിക്കറ്റ്‌ വലിച്ചെറിഞ്ഞു. ഭേദപ്പെട്ട തുടക്കം കിട്ടിയ പന്ത്‌ ഫോർടുയ്‌നെ സിക്‌സർ പായിക്കാനുള്ള ശ്രമത്തിനിടെയാണ്‌ പുറത്തായത്‌. ഒരു സിക്‌സറും ബൗണ്ടറിയുമായിരുന്നു ഈ വിക്കറ്റ്‌ കീപ്പറുടെ ഇന്നിങ്‌സിൽ. 17 പന്തിൽ 19 റണ്ണെടുത്ത രവീന്ദ്ര ജഡേജയാണ്‌ അവസാന ഓവറുകളിൽ സ്‌കോർ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്‌. കഗീസോ റബാദ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി.

മറുപടിക്കെത്തിയ ദക്ഷിണാഫ്രിക്ക ആദ്യമൊന്ന്‌ പരുങ്ങി. പിന്നെ തുടങ്ങി. റീസ ഹെൻഡ്രിക്‌സ്‌ (26 പന്തിൽ 28), ടെംബ ബവുമ (23 പന്തിൽ 27) ഡി കോക്കിന്‌ പിന്തുണ നൽകി. അഞ്ച്‌ സിക്‌സറും ആറ്‌ ബൗണ്ടറികളും ഡി കോക്കിന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here