സൗഹൃദം നടിച്ച് റൂമിലെത്തിക്കും, ശേഷം നഗ്നയായി ചിത്രങ്ങള്‍ പകര്‍ത്തും; പിന്നീട് ഭീഷണി; മേരിയും സംഘവും വ്യവസായികളെ കുടുക്കുന്നത് ഇങ്ങനെ

കൊച്ചി: വ്യവസായിയെ ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ മലയാളികള്‍ തട്ടിപ്പിന് ഇരയായതായി സംശയം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഖത്തറിലുള്ള മലയാളികളായ വ്യവസായികളാണ് ചതിയില്‍ പെടുന്നത്.

കഴിഞ്ഞദിവസമാണ് പ്രമുഖ വ്യവസായിയെ ഹണി ലേഡി ഓപ്പറേഷനില്‍ കുടുക്കിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ കണ്ണൂര്‍ പയ്യന്നൂരിലുള്ള മകന്‍ സവാദ്(25) ആണ്. എറണാകുളം തോപ്പുംപടി ചാലിയത്ത് വീട്ടില്‍ വര്‍ഗീസിന്റെ മകള്‍ മേരി വര്‍ഗീസ്(26), കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളേജിന് സമീപം പുല്‍ക്കൂല്‍ വീട്ടില്‍ മുഹമ്മദ് മകന്‍ അസ്‌കര്‍(25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത് വളപ്പില്‍ വീട്ടില്‍ അബ്ദുല്ലയുടെ മകന്‍ 27 വയസ്സുള്ള മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.

പ്രതിയായ മേരി വര്‍ഗീസ് ഫേസ്ബുക്ക് വഴി വ്യവസായിക്ക് സന്ദേശം അയച്ചിരുന്നു. അതിന് മറുപടി നല്‍കിയ വ്യവസായി പ്രതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പിന്നീട് മേരി വര്‍ഗീസ് വ്യവസായിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനുമുമ്പുതന്നെ വീട്ടിലെ റൂമില്‍ മുഖ്യ സൂത്രധാരനായ സവാദ് ക്യാമറ സജ്ജമാക്കി വച്ചിരുന്നു.

റൂമിലെത്തിയ വ്യവസായിയെ, പ്രതിയുടെ കൂടെ നിര്‍ത്തി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇയാളുടെ ഫോണിലേക്ക് പ്രതികള്‍ നഗ്നചിത്രങ്ങള്‍ അയക്കുകയും പണം നല്‍കണമെന്നും പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.

50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിവരം ഒരു സുഹൃത്തിനെ അറിയിക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പൊലീസ് ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ റൂമിനെ സംബന്ധിച്ച് അന്വേഷിക്കുകയും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുമായിരുന്നു

പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ചു പരാതിക്കാരന്‍ പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. പരാതിക്കാരന്‍ പണം അയച്ച ബാങ്കിന്റെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി പൊലീസ് മനസ്സിലാക്കി.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ സൂക്ഷിച്ചിരുന്ന രഹസ്യ ഫോണിന്റെ നമ്പര്‍ മനസിലാക്കി പോലീസ് പിന്തുടര്‍ന്നു. തുടര്‍ന്ന് മടിക്കേരിയില്‍ വച്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ പ്രതികളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News