മരട് ഫ്ലാറ്റ് പൊളിക്കുന്നതില്‍ വിശദമായ കര്‍മ്മ പദ്ധതി സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; പൊളിക്കാന്‍ മാസങ്ങള്‍ ആവശ്യം; കേസ് വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി

മരട് ഫ്‌ലാറ്റ് പൊളിക്കുന്നതില്‍ വിശദമായ കര്‍മ്മ പദ്ധതി സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ മാസങ്ങള്‍ ആവശ്യമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

മരടില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുന്നത് കൂടാതെ തീരദേശ പരിപാലന നിയമം ലംഘിച്ച കേരളത്തിലെ മുഴുവന്‍ നിര്മാണങ്ങളും പരിശോധിക്കുമെന്ന സൂചനയാണ് സുപ്രീംകോടതി നല്‍കുന്നത്. പ്രളയത്തിന് അനധികൃത നിര്മാണങ്ങള്‍ വഴിയൊരുക്കി എന്ന് പരാമര്‍ശിച്ച കോടതി കഴിഞ്ഞ പ്രളയത്തില്‍ എത്ര പേരുടെ ജീവന്‍ നഷ്ടമായെന്നും ആരാഞ്ഞു.

സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ആയിരുന്നു കോടതി പാരാമര്‍ശം. മരട് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ എത്ര സമയം വേണം എന്ന് സത്യവാങ്മൂലത്തില്‍ അറിയിക്കാഞ്ഞതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ശക്തമായ വേലിയേറ്റം ഉണ്ടായാല്‍ ഫ്‌ളാറ്റിലെ 350ഓളം കുടുംബങ്ങള്‍ക്കാണ് ആദ്യം ജീവന്‍ നഷ്ടമാകുക എന്നും ഓര്‍മിപ്പിച്ചു.

വെള്ളിയാഴ്ചയ്ക്ക് അകം ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതില്‍ വിശദമായ കര്‍മ്മ പദ്ധതി സമര്‍പ്പിക്കാം എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ഇതിന് അനുമതി നല്‍കിയ കോടതി തീരദേശ പരിപാലന നിയമം ലംഘിച്ച കേരളത്തിലെ കെട്ടിട നിര്‍മാണങ്ങള്‍ സംബന്ധിച്ച് സര്‍വേ നടത്തേണ്ടി വരുമെന്നും ഇത്തരം നിര്‍മാണങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവാദി ആയിരിക്കുമെന്നും വാക്കാല്‍ നിരീക്ഷിച്ചു.

കേസില്‍ വിശദമായ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി ആഘാത പഠനം നടത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലെ ആവശ്യം കൂടി പരിഗണിച്ചാകും ഉത്തരവെന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാന സര്ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഹാജരായി. സുപ്രീംകോടതി തീരുമാനം വന്ന ശേഷം തുടര്‍ നടപടി കൈക്കൊള്ളും എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. ഇതിന് മുന്‍പേ ഇന്ന് തന്നെ വിശദമായ ഉത്തരവ് പ്രസിദ്ധപ്പെടുത്താനും ഇടയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here