നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസിയെ ഭീഷണിപ്പെടുത്തി. കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടില്‍ സവാദ്(25), തോപ്പുംപടി ചാലിയത്ത് വീട്ടില്‍ മേരി വര്‍ഗീസ്(26),

കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളജിനു സമീപം പുല്‍ക്കൂല്‍ വീട്ടില്‍ അസ്‌കര്‍(25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട് കുട്ടോത്ത് വളപ്പില്‍ മുഹമ്മദ് ഷഫീഖ്(27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ ചതിയില്‍പ്പെടുത്തിയത്. പ്രതി മേരി വര്‍ഗീസ് ഫെയ്സ്ബുക്ക് വഴി ഇയാള്‍ക്കു സന്ദേശം അയച്ചു.

തുടര്‍ന്ന് സൗഹൃദം നടിച്ചു. പിന്നീട് വ്യവസായിയെ മേരി വീട്ടിലേക്കു വിളിച്ചുവരുത്തി. ഇയാള്‍ എത്തുന്നതിനുമുമ്പേ മുറിയില്‍ മുഖ്യസൂത്രധാരനായ സവാദ് രഹസ്യ ക്യാമറ വച്ചിരുന്നു.

വ്യവസായി നാട്ടിലേക്കു മടങ്ങിയതും ഇയാളും മേരിയുമൊത്തുള്ള നഗ്നചിത്രങ്ങള്‍ ഫോണിലേക്ക് അയച്ചു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി.

ഇതോടെ ഇയാള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ചു. തുടര്‍ന്ന് സുഹൃത്തിന്റെ ഉപദേശപ്രകാരമാണ് വിവരം പോലീസില്‍ അറിയിച്ചത്.