
പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്. ആര്‍ക്കൊക്കെയാണ് പങ്കുള്ളതെന്ന് കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എം ഡി സുമിത് ഗോയലിനറിയാമെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ അവരുടെ പേരുകള്‍ പറയാന്‍ ഗോയല്‍ ഭയക്കുന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൂഢാലോചനയുടെ അച്ചുതണ്ടാണ് ഗോയലെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സുമിത് ഗോയലിന് ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ റിമാന്‍റില്‍ കഴിയുന്ന പൊതുമാരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജ്,കരാര്‍ കമ്പനി എം ഡി സുമിത് ഗോയല്‍ RBDCK മുന്‍ എ ജി എം തങ്കച്ചന്‍ തുടങ്ങിയവരുടെ ജാമ്യാപേക്ഷ ഹോക്കോടതി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.അവരാരൊക്കെയാണ് എന്ന് കാരാര്‍ കമ്പനി എം ഡി സുമിത് ഗോയലിനറിയാം.
എന്നാല്‍ ഭയം മൂലം അവരുടെ പേരുകള്‍ പറയാന്‍ ഗോയല്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ആര്‍ ഡി എസിന് കരാര്‍ ലഭിക്കാന്‍ ആര്‍ ബി ഡി സി കെ ഉദ്യോഗസ്ഥന്‍ തങ്കച്ചനുമായും കിറ്റ്ക്കൊ ഉദ്യോഗസ്ഥന്‍ ബെന്നി പോളുമായും ഗോയല്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ട്.
മുന്‍കൂറായി പണം ലഭിക്കാന്‍ ടി ഒ സൂരജുമായും ഗൂഢാലോചന നടത്തുകയും അത്തരത്തില്‍ ലഭിച്ച പണം പാലം നിര്‍മ്മാണത്തിന് ഉപയോഗിക്കാതെ കമ്പനിയുടെ കടം വീട്ടാന്‍ ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സുമിത് ഗോയലില്‍ നിന്നും പിടിച്ചെടുത്ത നിര്‍ണ്ണായക തെളിവായ ലാപ്ടോപ്പ് പരിശോധിച്ച് വരികയാണ്.ഉന്നത ബന്ധമുള്ളതിനാല്‍ സാക്ഷികളെ സ്വീധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ സുമിത് ഗോയലിന് ജാമ്യം നല്‍കരുതെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേ സമയം മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ നിര്‍ദേശപ്രകാരമാണ് കരാറുകാരന് താന്‍ നിയമ വിരുദ്ധ സഹായം ചെയ്തതെന്ന് ടി ഒ സൂരജും ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here