മാന്ദ്യമെത്തുന്നു; തോമസ് കുക്ക് പൂട്ടി, 22,000 പേര്‍ തൊഴില്‍രഹിതര്‍; യാത്രക്കാര്‍ പെരുവഴിയില്‍

ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് പാപ്പരായി പ്രഖ്യാപിച്ചു. ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടെ 178 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പ്യരമുള്ള കമ്പനിയുടെ 22,000 ജീവനക്കാര്‍ തൊഴില്‍രഹിതരായി. ബ്രിട്ടനില്‍മാത്രം 9000 പേര്‍ ജോലി ചെയ്തിരുന്നു. നൂറിലേറെ വിമാനങ്ങളും കമ്പനിക്ക് ഉണ്ടായിരുന്നു.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ലോകത്താകമാനം ഓഫീസുകളും ആയിരക്കണക്കിന് ഉപഭോക്താക്കളുമുണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെതുടര്‍ന്നാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കമ്പനി പൂട്ടിയത്.  20 കോടി പൗണ്ട് (ഏകദേശള്‍ 18,000 കോടി രൂപ) കടബാധ്യതയുണ്ടായിരുന്ന കമ്പനി പിടിച്ചുനില്‍ക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതിനെതുടര്‍ന്നാണ് നിശ്ചലമായത്.

റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയ്ഡ്‌സ് ബാങ്കുമായും കമ്പനി ചര്‍ച്ച നടത്തിയെങ്കിലും ബാധ്യതകള്‍ ഏറ്റെടുക്കുന്നതില്‍ തീരുമാനമായില്ല. ബാധ്യതയില്‍ നിന്ന് കരകയറാനുള്ള രക്ഷാ പാക്കേജുകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കമ്പനി പ്രവര്‍ത്തനം
അവസാനിപ്പിച്ചതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പീറ്റര്‍ ഫങ്കോസര്‍ പറഞ്ഞു. തങ്ങളുടെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളോടും ആയിരക്കണക്കിന് ജീവനക്കാരോടും ബിസിനസ് പങ്കാളികളോടും കമ്പനി മാപ്പ് പറഞ്ഞു.

കമ്പനി പൂട്ടിയതോടെ തോമസ് കുക്കിന്റെ പാക്കേജിലൂടെ യാത്രയിലായിരുന്ന പലരുടെയും സ്ഥിതി അനിശ്ചിതത്വത്തിലായി. തോമസ് കുക്കിന്റെ സേവനം ഉപയോഗിച്ചിരുന്ന ഒന്നരലക്ഷത്തോളം പേരാണ് വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതെന്ന് ബ്രിട്ടീഷ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. ഇവരെ തിരികെ ബ്രിട്ടനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ നടത്തും.

അതേസമയം, ബ്രിട്ടനിലെ തോമസ് കുക്കുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് തോമസ് കുക്ക് ഇന്ത്യ അറിയിച്ചു. തോമസ് കുക്ക് ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന്റെ കൈവശമാണെന്നും തോമസ്‌കുക്ക് യു.കെ.യ്ക്ക് തോമസ് കുക്ക് ഇന്ത്യയില്‍
പങ്കാളിത്തമില്ലെന്നും അവര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News