തൃശൂര്‍: സിപിഐഎമ്മിനെ തകര്‍ക്കുമെന്ന വാശിയോടെ പ്രവര്‍ത്തിച്ചവരുടെ മുന്നില്‍ ഒരു കാലത്തും പാര്‍ട്ടി സ്തംഭിച്ചു പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ പ്രതിസന്ധികളെയും പാര്‍ട്ടി ജനങ്ങളെ അണി നിരത്തി അതിജീവിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഏറ്റവും വലിയ ശത്രുവായി കാണുന്ന കാലമാണിത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ വലിയ പാര്‍ട്ടിയായ സിപിഐഎമ്മിനെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നു. സിപിഐഎമ്മിനെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.

ബംഗാളില്‍ സിപിഐഎമ്മിനെ തകര്‍ക്കാന്‍ അമേരിക്കന്‍ ചാര സംഘടന നടത്തിയ നീക്കങ്ങള്‍ പിന്നീട് പുറത്ത് വന്നതാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം ബാധകമല്ല എന്ന അവസ്ഥയാണ് രാജ്യത്തുള്ളതെന്നും ഭരണഘടനാ ലംഘനങ്ങള്‍ ജനാധിപത്യത്തിന്റെ ഭാവിക്ക് ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസ് ആണ്. രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും അംഗീകരിക്കാത്തവരാണ് ആര്‍എസ്എസ്.

ഫെഡറലിസത്തെ തകര്‍ത്ത് എല്ലാ അധികാരവും കേന്ദ്രത്തില്‍ ആക്കാനാണ് ആര്‍എസ്എസ് ശ്രമം. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ പലതും കോണ്‍ഗ്രസിന്റെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം തകര്‍ത്താണ് ആഗോളവത്കരണവും ഉദാരവത്കരണവും കോണ്‍ഗ്രസ് രാജ്യത്ത് നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.