ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബവഴക്ക് കലാശിച്ചത് മക്കളുടെ കൊലപാതകത്തില്‍. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് മാതാവ് ഇരട്ടകുട്ടികളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

ഞായറാഴ്ച യുപിയിലെ മുസഫര്‍നഗറിലാണ് നാടിനെ നടുക്കിയ സംഭവം. 20 ആഴ്ച പ്രായമുള്ള ഇരട്ടകുട്ടികളെയാണ് മാതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ശേഷം കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഭര്‍ത്താവ് വസീമിന് ജോലി ഇല്ലാത്തതിനാല്‍ മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇരുവരും വഴക്കിട്ടത്. ഭര്‍ത്താവ് നിരന്തരമായി ജോലി അന്വേഷിക്കുന്നുണ്ടെങ്കിലും ജോലി കണ്ടെത്താനാവാതെ ആയതോടെയാണ് തര്‍ക്കം രൂക്ഷമായത്.

തര്‍ക്കത്തിനിടെ പ്രകോപിതയായ ഭാര്യ നസ്മ കുട്ടികളെ കുളത്തിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞുങ്ങള്‍ മരിച്ചെന്ന് ഉറപ്പായതോടെ നാട്ടുകാരോട് കുട്ടികളെ കാണാനില്ലെന്ന് പറയുകയും തുടര്‍ന്ന് ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് സ്റ്റേഷനിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നല്‍കുകയും ചെയ്തു.

മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. കുട്ടികളുടെ മൃതദേഹങ്ങള്‍ കുളത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു.