ടെക്സാസിലെ എന്‍ആര്‍ജി ഫുട്ബോള്‍ സ്റ്റേഡിയത്തിന് അകത്ത് കൊട്ടിഘോഷിക്കപ്പെട്ട ‘ഹൗഡി മോഡി’ പരിപാടി നടക്കുമ്പോള്‍ ഏകാധിപത്യത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ പുറത്ത് ആയിരങ്ങള്‍ ഒത്തുചേര്‍ന്നു. അവര്‍ മുഴുവന്‍ പാകിസ്ഥാനികളായിരുന്നില്ല. അവരെല്ലാവരും ഇന്ത്യാക്കാരുമായിരുന്നില്ല. അവര്‍ കശ്മീരികളോ മുസ്ലീമുകളോ മാത്രമായിരുന്നില്ല.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടി പങ്കെടുത്ത ഹൗഡി മോഡിക്കെതിരെ പ്രതിഷേധിക്കാന്‍ കറുത്തവംശജരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ലാതെ അമേരിക്കക്കാരും എന്‍ആര്‍ജി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടി.

ഫാസിസത്തിനും വംശഹത്യയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ദളിതര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ നിര്‍ത്തണമെന്നും അവര്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി.

കശ്മീരിനുമേലുള്ള ഏകാധിപത്യ ഇടപെടലുകള്‍ക്കെതിരായും അവര്‍ ശബ്ദിച്ചു. പ്ലക്കാര്‍ഡുകളിലൊന്നില്‍ ‘ഹിറ്റ്ലര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ’ എന്ന് ചോദിക്കുന്നു. അകത്ത് പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് കരഘോഷമുയരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ‘കേള്‍ക്കാനാകാത്ത’ ശബ്ദത്തില്‍ പുറത്ത് ഒരു പ്രതിഷേധക്കാരന്‍ ‘അനീതിക്കെതിരെ ശബ്ദിക്കുക, സത്യം വിളിച്ചുപറയുക, പോരാട്ടത്തില്‍ ഐക്യപ്പെടുക’ എന്ന് വിളിച്ചുപറയുന്നു.

അമേരിക്കയ്ക്ക് അനുകൂല കരാറുകള്‍ ഉറപ്പിക്കുന്നതും ഇന്ത്യക്ക് ദോഷകരമായ നയങ്ങളില്‍ മാറ്റമില്ലാത്തതുമായി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം. പ്രതിവര്‍ഷം അമ്പതുലക്ഷം ടണ്‍ പ്രകൃതിവാതകംകൂടി വാങ്ങാന്‍ മോഡി കരാറുറപ്പിച്ചു കഴിഞ്ഞു. ഊര്‍ജരംഗത്തെ അമേരിക്കന്‍ കുത്തകയായ ടെലൂറിയനില്‍നിന്ന് കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പെട്രോനെറ്റാണ് വാതകം വാങ്ങുക.

ടെലൂറിയനിന്റെ പുതിയ പ്രകൃതിവാതക പദ്ധതിയില്‍ 250 കോടി ഡോളര്‍ പെട്രോനെറ്റ് മുതല്‍മുടക്കും. ഇറാനില്‍നിന്നും മധ്യേഷ്യയില്‍നിന്നും മറ്റുമായി കുറഞ്ഞ വിലയ്ക്ക് പ്രകൃതിവാതകം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ നിലനില്‍ക്കെയാണ് അമേരിക്കയെ പ്രീതിപ്പെടുത്താന്‍ മോഡി പെട്രോനെറ്റിനെ ഉപയോഗപ്പെടുത്തിയത്.

അമേരിക്ക ആവശ്യപ്പെട്ടതുപ്രകാരം ഊര്‍ജമേഖലയിലടക്കം ഇറാനുമായുള്ള എല്ലാ ഇടപാടുകളും ഇന്ത്യ മരവിപ്പിച്ചിരിക്കയാണ്. ഇറാന്‍ വാതകക്കുഴല്‍ പദ്ധതിയും തുര്‍ക്ക്മെനിസ്ഥാനില്‍നിന്ന് വാതകം എത്തിക്കുന്നതിനുള്ള കുഴല്‍നിര്‍മാണ പദ്ധതിയും (താപി) എങ്ങുമെത്തിയിട്ടില്ല.

വ്യാപാരരംഗത്ത് അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഇളവ് ഇന്ത്യ അനുവദിക്കണമെന്ന ഭീഷണി അമേരിക്ക തുടരുകയുമാണ്. ഇന്ത്യാക്കാര്‍ക്ക് ദോഷകരമായ വിസാ നിബന്ധനകള്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവ, സാമ്പത്തികമായി ഇന്ത്യക്ക് ഏറെ നേട്ടമായിരുന്ന ഇറാനുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കല്‍ തുടങ്ങി പല പ്രതികൂലഘടകങ്ങളും നിലനില്‍ക്കെയാണ് ഹൂസ്റ്റണില്‍ മോഡി ട്രംപിനെ ഹസ്തദാനം ചെയ്തത്.