പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടം രംഗത്ത്.

ആരോപണം ഉന്നയിച്ചതിനു പിന്നാലെ ബിനുവിനെ ബിജെപിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഗുരുതരവീഴ്ച വരുത്തിയതിനാല്‍ അന്വേഷണവിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്‌തെന്ന് ബിജെപി ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായിരുന്ന എന്‍ ഹരി അറിയിച്ചു.

എന്നാല്‍ സെപ്തംബര്‍ ഒമ്പതിന് ബിജെപിയില്‍നിന്ന് രാജിവെച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കത്ത് ബിനു പുളിക്കക്കണ്ടം പുറത്തുവിട്ടു. പാര്‍ട്ടി പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമുള്ളതിനാലാണ് രാജിവെക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റിന് നല്‍കിയ കത്തില്‍ ബിനു വ്യക്തമാക്കിയിട്ടുള്ളത്.