
ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മെസിയുടെ നേട്ടം. ആറാം തവണയാണ് മെസി ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2015ലായിരുന്നു അവസാന നേട്ടം.
കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കുവേണ്ടി 51 ഗോളുകളാണ് ഈ മുപ്പത്തിരണ്ടുകാരൻ തൊടുത്തത്. യൂറോപ്യൻ ലീഗുകളിലെ ടോപ് സ്‌കോററുമായി. ബാഴ്‌സയെ സ്‌പാനിഷ് ലീഗ് ചാമ്പ്യൻമാരാക്കി. ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ലിവർപൂളിനോട് ബാഴ്‌സ തോറ്റെങ്കിലും ആദ്യപാദത്തിൽ മെസി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. സ്‌പാനിഷ് കിങ്‌സ് കപ്പ് ഫൈനലിലേക്കും ബാഴ്‌സയെ നയിച്ചു. കോപ അമേരിക്കയിൽ മെസി നിരാശപ്പെടുത്തി. അർജന്റീന ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത് നേട്ടമായി.
യൂറോപ്യൻ ലീഗുകളിലെ ഏറ്റവും മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം മെസിക്കായിരുന്നു.2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസി ഫിഫ ലോകതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.മിലാനിൽ നടന്ന ചടങ്ങിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോ പങ്കെടുത്തില്ല. മികച്ച വനിതാ താരം അമേരിക്കയുടെ മേഗൻ റാപിനോയാണ്. പുരുഷ ഫുട്‌ബോൾ ടീം പരിശീലകനായി ലിവർപൂളിന്റെ യുർഗൻ ക്ലോപ്പിനെ തെരഞ്ഞെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here