കെഎസ്എഫ്ഇ പ്രവാസി ചിട്ടി വിജയകരമാക്കിയ പ്രവാസികള്‍ക്ക് നന്ദിയറിയിക്കാന്‍ ഡോ. തോമസ് ഐസക് യു എ ഇ യിലെത്തും

പ്രവാസികള്‍ക്കായുള്ള കേരള സർക്കാരിന്റെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് നന്ദി പറയാനും പ്രവാസി ചിട്ടിയുടെ കൂടുതല്‍ കാര്യങ്ങള്‍ എകോപിപ്പിക്കാനുമായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് യു എ ഇ യിലെത്തുന്നു. ഈമാസം 26 മുതലാണ്‌ ഡോ.തോമസ്‌ ഐസക് യു എ എയില്‍ ഉണ്ടാകുക.

പ്രവാസി ചിട്ടിയില്‍ കൂടുതൽ പേരെ ചേർക്കാനും മാർഗ നിർദേശങ്ങൾ നൽകാനും ഇത് സംബന്ധിച്ച ചർച്ചകൾക്കും
തോമസ് ഐസക് നേതൃത്വം നല്‍കും. 26, 27, 28 തീയതികളില്‍ മന്ത്രി വിവിധ എമിറേറ്റുകളിലെ പരിപാടികളിൽ പങ്കെടുക്കും. ചിട്ടി സംബന്ധമായ സംശയങ്ങൾ നേരിട്ട് മന്ത്രിയോടും അദ്ദേഹത്തിനൊപ്പം എത്തുന്ന കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, എംഡി കെ.പുരുഷോത്തമൻ എന്നിവരോടും ചോദിച്ച് മനസിലാക്കാന്‍ സാധിക്കുമെന്ന് കെ എസ് എഫ് ഇ അധികൃതര്‍ അറിയിച്ചു.

പത്തു മാസത്തിനകം 330ലേറെ പ്രവാസി ചിട്ടികൾ ആരംഭിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. 1,18,000 ലേറെ പ്രവാസികൾ ചിട്ടിയിൽ ചേരാൻ പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 25,000 പേർ കെവൈസി നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. യുഎഇയിൽ നിന്നാണ് ചിട്ടിക്ക് ഏറ്റവുമധികം പിന്തുണ ലഭിച്ചിട്ടുള്ളത് എന്നും തോമസ്‌ ഐസക് അറിയിച്ചു. സെപ്റ്റംബര്‍ 26ന് രാത്രി 8 മണിക്ക് ഷാർജ അൽ റയാൻ ഹോട്ടലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മന്ത്രി സംബന്ധിക്കും. 27ന് അബുദാബി കേരളാ സോഷ്യൽ സെന്റർ, അൽഐൻ ഫൂഡ് വേൾഡ് ഹോട്ടൽ, ദുബായ് ദെയ്റ ഫ്ലോറ ക്രീക്ക് ഹോട്ടല്‍ എന്നിവിടങ്ങളില്‍ മന്ത്രി തോമസ്‌ ഐസക്
പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവരുമായി സംവദിക്കും.

28ന് റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാൾ, ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് എന്നിവിടങ്ങളില്‍ പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികളിലും അദ്ദേഹം സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here