‘ബിജെപി കേരളത്തില്‍ രക്ഷപെടാത്തത് ഇതുകൊണ്ടാണ്; ശിക്ഷ നല്‍കേണ്ടത് ജനങ്ങളാണ്; ഈ നെറികെട്ട രാഷ്ട്രീയക്കാരോട് മാപ്പില്ല’

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

വയോധികരോട് പോലും ബഹുമാനവും കരുതലും ഇല്ലാതെ പെരുമാറാന്‍ ചില രാഷ്ട്രീയക്കാര്‍ക്ക് എങ്ങിനെ കഴിയും? അന്ധമായ രാഷ്ട്രീയം തലയ്ക്കു പിടിച്ചാല്‍ പ്രായമായവരോട് കാണിക്കേണ്ട കരുതലും ബഹുമാനവും സ്നേഹവും ഇല്ലാതാകുമോ? ബിജെപിക്കാര്‍ കേരളത്തില്‍ രക്ഷപെടാത്തത് ഇതുകൊണ്ടാണ്.

എന്റെ അമ്മ അമ്മിണി ഏബ്രഹാമിന് വയസ് 87 കഴിഞ്ഞു. എങ്കിലും ജനാധിപത്യബോധം നല്ലപോലെയുണ്ട്. പരേതനായ എന്റെ അപ്പന്‍കെ.എ. ഏബ്രഹാമും 90 വയസ് പൂര്‍ത്തിയാക്കി ഈ ലോകത്തോടു വിടപറയുന്നതു വരെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുമായിരുന്നു.

പഴയ എം.എ, എല്‍എല്‍ബിക്കാരനായ പിതാവും ബി.എക്കാരിയായ അമ്മയും വോട്ട് പാഴാക്കരുതെന്ന് മക്കളോടും അവരുടെ കുടുംബാംഗങ്ങളോടും കര്‍ശനമായി പറയുകയും ചെയ്യുമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പു ജനിച്ച ഇരുവര്‍ക്കും ജനാധിപത്യ അവകാശത്തിന്റെ പ്രാധാന്യം നല്ല പോലെ അറിയാം.

പ്രായത്തിന്റെ അവശതകള്‍മൂലം കോട്ടയം വരെ പോലും അമ്മ ഇപ്പോള്‍ യാത്ര ചെയ്യാറില്ല. അപ്പന്റെ മരണ ശേഷം വിളക്കുമാടത്തെ ഞങ്ങളുടെ വീട് അടച്ചിട്ടിരിക്കുന്നതിനാല്‍ പാലാ നഗരത്തിലുള്ള മൂത്ത മകന്‍ ഡോ. റോയിയോടൊപ്പമാണ് അമ്മയുടെ താമസം.

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ഉള്ള എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് 15 കിലോമീറ്ററോളം ദൂരമുണ്ട്. എങ്കിലും വോട്ടു ചെയ്യണമെന്നു പറഞ്ഞതിനാല്‍ മീനച്ചിലില്‍ താമസിക്കുന്ന എന്റെ ജേഷ്ടന്‍ അജിത്താണ് അമ്മയെ ഇന്നു രാവിലെ ബൂത്തിലെത്തിച്ചത്. പക്ഷേ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പേ കരുതിയിരുന്നുള്ളൂ.

ബൂത്തിലെത്തിയപ്പോള്‍ വോട്ടര്‍ പട്ടികയിലെ അതേ പേരുകാരിയും ഫോട്ടോയില്‍ കാണുന്നയാളും ആണെന്നും പ്രായമായ ആളായതിനാല്‍ ആര്‍ക്കും എതിര്‍പ്പില്ലെങ്കില്‍ വോട്ടു ചെയ്യാമെന്നും പോളിംഗ് ഓഫീസര്‍ പറഞ്ഞു.

ഒരു എതിര്‍പ്പും ഇല്ലെന്ന് യുഡിഎഫ്, എല്‍ഡിഎഫ് ഏജന്റുമാര്‍ ഉടനെ അറിയിച്ചു. എന്നാല്‍ ബിജെപി പോളിംഗ് ഏജന്റ് എതിര്‍ത്തതിനാല്‍ അമ്മയ്ക്ക് മടങ്ങേണ്ടി വന്നു. നാലു വോട്ടുള്ള ഞങ്ങളുടെ വീട്ടില്‍ ഞാനും ഭാര്യയും അടക്കം സ്ഥലത്തില്ലാത്തതിനാല്‍ അമ്മ മാത്രമാണ് ഒറ്റയ്ക്ക് വോട്ടു ചെയ്യാനെത്തിയത്.

പാലായിലെ വീട്ടില്‍ ചെന്ന് ഒറിജിനല്‍ ആധാര്‍ കാര്‍ഡും മറ്റും എടുത്തുകൊണ്ട് വീണ്ടും മടങ്ങി ചെന്ന് അമ്മ വോട്ടു ചെയ്തു. ഒരു വോട്ടിനായി ഏതാണ്ട് 60 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ അമ്മ നിര്‍ബന്ധിതമായി. വോട്ടറുടെ പ്രായവും സത്യാവസ്ഥയും നോക്കാതെ സാങ്കേതികത്വം പറഞ്ഞ് ഒരു വയോധികയെ കഷ്ടപ്പെടുത്തിയവര്‍ക്ക് ശിക്ഷ നല്‍കേണ്ടത് നല്ലവരായ ജനങ്ങളാണ്.

അമ്മയുടെ തളരാത്ത ജനാധിപത്യ ബോധത്തിന് ഒരു വലിയ സല്യൂട്ട്.

(വോട്ടവകാശം തടയാന്‍ ശ്രമിച്ചതിലുള്ള വലിയ വിഷമവും രോഷവും അമ്മ പങ്കുവച്ചതിനാലാണ് ഈ കുറിപ്പ്. എത്ര സമാധാനമുള്ള, നല്ലവരുടെ ഗ്രാമം ആയിരുന്നു ഞങ്ങളുടെ മല്ലികശേരി. എന്നാല്‍ ഇത്തവണ സങ്കടം തോന്നുന്നു. അമ്മ വോട്ടു ചെയ്ത മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ സ്‌കൂളിലെ പോളിംഗ് ബൂത്ത് ചരിത്രത്തിലാദ്യമായി ഇത്തവണ സെന്‍സിറ്റീവ് വിഭാഗത്തിലാണ്. സമാധാനം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാരോട് മാപ്പില്ല.)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here