പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം തടയാന്‍ താല്പര്യമില്ലെന്ന് ഹൈക്കോടതി. കേസിലെ പ്രതികളായ ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ 4 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.കേസ് അന്വേഷണത്തില്‍ ഇടപെടാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാന്‍ വിജിലന്‍സിന് നിര്‍ദേശം നല്‍കി.

പാലം പൊളിക്കേണ്ടിവരുമെന്നത് വസ്തുതയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. അതേ സമയം പാലം പൊളിക്കാന്‍ തീരുമാനമെടുത്തുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പാലം പൊളിക്കാനുള്ള തീരുമാനം രാഷ്ട്രീയ നാടകമാണെന്നായിരുന്നു കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിന്റെ വാദം. മുന്‍ സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി ഒ സൂരജും വാദിച്ചു.

തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27ലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടിയുള്ള വിജിലന്‍സിന്റെ അപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അംഗീകരിച്ചു.നാളെ രാവിലെ 10 മുതല്‍ 1മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി ലഭിച്ചത്.മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ടി ഒ സൂരജിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇതിനിടെ പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. പാലം അപകടാവസ്ഥയിലാണെന്നും വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഒക്ടോബര്‍ 10വരെ പൊളിക്കല്‍ നടപടികള്‍ പാടില്ലെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.