‘നാണമില്ലേ, ഹൂസ്റ്റണ്‍ പ്രവാസികളേ’; ‘പ്രധാനമന്ത്രി, നിങ്ങള്‍ പറയുന്നത് ശരിയല്ല’ എന്ന് പറയാനുള്ള ചങ്കൂറ്റം ആ ‘ബഫൂണുകളില്‍’ ഒരാള്‍ പോലും കാട്ടിയില്ല

ദില്ലി: യുദ്ധത്തില്‍ ജര്‍മ്മനി തോറ്റുകൊണ്ടിരിക്കുകയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന സമയത്ത് ജയിക്കുകയാണെന്ന് പറഞ്ഞ നാസി പ്രചാരണ മന്ത്രി ഗീബല്‍സിനെ പോലെയാണ് ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്ന് ഹൂസ്റ്റണില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.

നുണ എത്ര വലുതാകുന്നോ അത്രവേഗം വിഴുങ്ങിക്കൊള്ളും എന്നത് ഗീബല്‍സിന്റെ സിദ്ധാന്തമായിരുന്നു. ഇന്ത്യയില്‍ എല്ലാം ഭദ്രമാണെന്നാണ് മോദി പറഞ്ഞത്. (അതും പല ഭാഷകളില്‍.) ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മുങ്ങുകയാണ്.

നിര്‍മ്മാണരംഗം കുത്തനെ താഴേയ്ക്ക്. തൊഴിലില്ലായ്മ കുത്തനെ കയറുന്നു. അപ്പോഴാണ് മോഡിയുടെ ഈ പ്രസംഗം എന്ന് കട്ജു തന്റെ ഫേസ്ബുക്ക് പേജില്‍ പരിഹസിച്ചു.

ഇത് ജര്‍മ്മനി ജയിക്കുന്നു എന്ന് ഗീബല്‍സ് പറഞ്ഞതുപോലെയോ ബാഗ്ദാദിലേക്ക് അമേരിക്കന്‍ സൈന്യം അടുത്തുകൊണ്ടിരിയ്‌ക്കെ സദ്ദാം ഹുസൈന്‍ ജയിക്കുകയാണെന്ന് ഇറാഖിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് സയീദ് അല സഹാഫ് പറഞ്ഞതുപോലെയോ ആണ്.

എന്തു നുണ ഇട്ടുകൊടുത്താലും വിഴുങ്ങുന്ന മണ്ടന്മാരാണ് ഇന്ത്യക്കാരെന്ന് ചില രാഷ്ട്രീയ നേതാക്കള്‍ കരുതുന്നുണ്ട്. ‘പ്രധാനമന്ത്രി നിങ്ങള്‍ പറയുന്നത് ശരിയല്ല’ എന്ന് പറയാനുള്ള ചങ്കൂറ്റം ഹൂസ്റ്റണില്‍ കൂടിയ അമ്പതിനായിരം ‘ബഫൂണുകളില്‍’ ഒരാള്‍ പോലും കാട്ടിയില്ലെന്നും കട്ജു പറയുന്നു.

‘നാണമില്ലേ ഹൂസ്റ്റണ്‍ പ്രവാസികളേ’ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel