മെസിക്കും റൊണാള്‍ഡോക്കും വേണ്ടി ജയഭേരി മുഴക്കുന്ന ഫുട്‌ബോള്‍ ഭ്രാന്തരേ, നിങ്ങള്‍ കാണുന്നില്ലേ വെര്‍ജില്‍ വന്‍ ഡെയ്ക്ക് എന്ന ഈ പ്രതിരോധ ഭടനെ

‘ചെറുപ്പം മുതല്‍ ഞാന്‍ പ്രതിരോധിച്ച് ശീലിച്ചതാണ്,എനിക്കെതിരെ ഒരു സ്‌ട്രൈക്കറും ഗോളടിക്കാന്‍ പാടില്ല.ഗോള്‍ തടയുക അതെന്റെ കര്‍ത്തവ്യമാണ്’

സംഗതി കൃത്യമാണ്.ഒരു പ്രതിരോധ ഭടന്റെ പണി വൃത്തിയായി പറയുകയും ചെയ്യുകയും ചെയ്യുന്നു വെര്‍ജില്‍ വന്‍ ഡെയ്ക്ക് എന്ന െനതര്‍ലന്റ്‌സ് പോരാളി.

യഥാര്‍ത്ഥത്തില്‍ ചരിത്രം മാറ്റിക്കുറിക്കാന്‍ ഫിഫക്കൊരു അവസരമുണ്ടായിരുന്നു,എന്നാല്‍ ഇതിഹാസ ഫോര്‍വേര്‍ഡുകള്‍ക്ക് മുമ്പിലെ ഡിഫന്റര്‍ ഏകലവ്യനാകുന്നു വെര്‍ജില്‍ വന്‍ ഡെയ്ക്ക് .

ഗോളടിയാണ് ഫുട്‌ബോളിന്റെ എല്ലാമെന്ന പഴയ സൂത്രവാക്യം ആവര്‍ത്തിച്ചുരുവിടുന്നു ലോകത്തെ ഈ മികച്ച പ്രതിരോധ ഭടനെ കാണാതെ പോയ ഫുട്‌ബോള്‍ ലോകം.മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം ഫിഫ മെന്‍സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ പട്ടികയിലിടം പിടിച്ചത് തന്നെ നേട്ടമല്ലെ എന്നാവും ഇവരുടെ പ്രതികരണം.

ചാമ്പ്യന്‍സ് ലീഗിന്റെ തലപ്പത്ത് ലിവര്‍പൂള്‍ എത്തിയപ്പോള്‍ തന്നെ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ പ്ലേയേഴ്‌സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ 2019 പുരസ്‌കാരവും യൂണിയന്‍ ഓഫ് യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍സ് മെന്‍സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ 2018/19 പുരസ്‌കാരവും ഈ സെന്റര്‍ ബാക്കിനെ തേടിയെത്തിയിരുന്നു.

‘അവര്‍ വോട്ടു ചെയ്ത് ഒരു തീരുമാനമെടുത്തു,ഞാനത് സ്വീകരിക്കുന്നു.അതുമാത്രമാണ് കാര്യം.കളിക്കാര്‍ എന്ന നിലയില്‍ എന്നേയും മെസിയേയും താരതമ്യപ്പെടുത്തേണ്ടതില്ല,കാരണം രണ്ടു പേരുടേയും ധര്‍മ്മം വ്യത്യസ്തമാണ്.ഞാനെവിടെ നില്‍ക്കുന്നുവോ അവിടമാണ് എന്റെ അഭിമാനം’മെസിക്ക് ഫിഫ മെന്‍സ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് കിട്ടിയതിനെ കുറിച്ച് വെര്‍ജില്‍ വന്‍ ഡെയ്ക്ക് പറഞ്ഞു.

‘ഇന്ന് നിര്‍ഭാഗ്യവശാല്‍ പുരസ്‌കാരം എനിക്ക് ലഭിച്ചില്ല,എന്നാല്‍ ഞാന്‍ നിരാശനല്ല’ വെര്‍ജില്‍ വന്‍ ഡെയ്ക്ക് ഇത് പറയുമ്പോള്‍ ലോക ഫുട്‌ബോള്‍ തലകുനിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here