പാലാ: പാലാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം വെളിപ്പെടുത്തി ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടം രംഗത്ത്. എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരി വോട്ടു വ്യാപാരം നടത്തിയെന്ന് ബിനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു കച്ചവടം. ആദ്യം ബിജെപി പ്രതീക്ഷിച്ചിരുന്നത് ത്രികോണ മത്സരമാണ്. പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥി മുഖ്യശത്രുസ്ഥാനത്ത് ഇടതുപക്ഷത്തെ മാത്രം നിര്‍ത്തി. വോട്ടുകച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് വ്യക്തമാണ്. വോട്ടു കച്ചവടത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ഉന്നത നേത്യത്വത്തിന്റെ ഇടപെടലുണ്ടെന്നും ബിനു പറഞ്ഞു. എന്‍ ഹരി പാലായില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയാണെന്നും ബിനു വ്യക്തമാക്കി.

കൊട്ടിക്കലാശത്തിലെ ശക്തി കാണിച്ചാണ് ബിജെപി വിലപേശല്‍ നടത്തിയത്. ക്രിസ്ത്യന്‍ ഏകീകരണം ഉണ്ടാക്കി യുഡിഎഫ് അനുകൂലമാക്കാന്‍ ബിജെപി സഹായിച്ചു. പാലാ അരമനയുടെ മുന്നില്‍ പ്രകടനം നിര്‍ത്തി ബിജെപി പ്രകോപനം സൃഷ്ടിച്ചു. പാലായിലെ ബിജെപിയില്‍ നിന്നും ഇനിയും കൂടുതല്‍ പേര്‍ രാജിവെച്ചേക്കും. മഹിളാ മോര്‍ച്ചയുടെ നിയോജക മണ്ഡലം പ്രസിഡന്റ് രാജി വെക്കുമെന്നാണ് അറിഞ്ഞതെന്നും ബിനു പറഞ്ഞു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഹരി വോട്ടുമറിച്ചുവെന്ന് ബിനു പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ 5000 വോട്ട് യുഡിഎഫിന് നല്‍കാമെന്ന ധാരണയുണ്ടാക്കി. ഹരി പണം വാങ്ങിയാണ് വോട്ട് മറിച്ചതെന്നും ബിനു പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ബിജെപിക്കുള്ളില്‍ രൂപപ്പെട്ട കലഹമാണ് ഇതിലൂടെ പുറത്തായത്. ഹരിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മണ്ഡലത്തില്‍ വ്യാപകമായ എതിര്‍പ്പുയര്‍ന്നിരുന്നു. മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി സ്ഥാനാര്‍ഥിയാകണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ വികാരം. ഇക്കാര്യം ആവശ്യപ്പെട്ട് പാലായിലെ നേതാക്കളും പ്രവര്‍ത്തകരും ബിജെപി സംസ്ഥാന പ്രസിഡന്റ പി എസ് ശ്രീധരന്‍പിള്ളയടക്കമുള്ള നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം ഇതവഗണിച്ച് ഹരിയെ സ്ഥാനാര്‍ഥിയാക്കി. ഇതോടെ പ്രതിഷേധം കനത്തു.

സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞയുടന്‍ വിളിച്ചുചേര്‍ത്ത നിയോജകമണ്ഡലം കമ്മിറ്റി ചേരാനായില്ല. 53 അംഗ കമ്മിറ്റിയില്‍ ഹരി അനുകൂലികളായ എട്ടുപേര്‍ മാത്രമാണ് എത്തിയത്. എന്നാല്‍ കമ്മിറ്റി ചേരാനായില്ല. ആറിന് നിശ്ചയിച്ച തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എട്ടിലേക്കും മാറ്റി. അന്നുമുതല്‍ ബിജെപിക്കുള്ളില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധി പ്രചാരണത്തിലും പ്രകടമായിരുന്നു.