സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ ശക്തമായ മാര്‍ഗരേഖ ആവശ്യമാണെന്ന് സുപ്രീംകോടതി. കരട് മാര്‍ഗ നിര്‍ദേശത്തിന്റെ പുരോഗതി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. 3 ആഴ്ചയ്ക്ക് അകം സത്യവാങ്മൂലം നല്‍കണം.

സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് ഉന്നയിച്ച്‌വിവിധ ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കും വാട്സ്ആപ്പും ഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക അറിയിച്ചത്.

എന്തിനാണ് ഒരു വ്യക്തിയെ ഓണ്‌ലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് ചോദിച്ച ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബഞ്ച് ഈ പ്രവണത തടയപ്പെടണം എന്ന് വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങളില്‍ നിന്ന് ഭരണകൂടത്തിന് രക്ഷപെടാനാകും. വ്യക്തിക്ക് ഇത് സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രഭവ കേന്ദ്രം വ്യക്തമാക്കാതെ ഓണ്‌ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ സാങ്കേതിക വിദ്യ ഉണ്ടെങ്കില്‍ അത് തടയാനും വഴി ഉണ്ടാകണം എന്ന് കോടതി അഭിപ്രയാപ്പെട്ടു. ദുരുപയോഗം തടയാന്‍ മാര്‍ഗ നിര്‍ദേശം ഉണ്ടാക്കേണ്ടത് ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ല.

ഇത് സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി. കരട് മാര്‍ഗ നിര്‍ദേശം തയ്യറാക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതിന്റെ പുരോഗതി അറിയിക്കാനാണ് കോടതിയുടെ നിര്‍ദേശം. 3 ആഴ്ചയ്ക്ക് അകം കേന്ദ്ര ഐ ടി സെക്രട്ടറി പുരോഗതി വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം. വ്യക്തിയുടെ സ്വകാര്യതയും രാജ്യ സുരക്ഷയും ഒരേപോലെ പരിഗണിച്ചാകണം മാര്‍ഗനിര്‍ദേശം തയ്യാറാകേണ്ടതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വാട്ട്‌സ് ആപ്പ് ഫേസ്ബുക്ക് എന്നിവരുടെ ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍ ഒക്ടോബര് 22ന് കോടതി വീണ്ടും പരിഗണിക്കും.